
കാസര്‍ഗോഡ്: ക്ഷേത്രഭക്ഷണം കഴിച്ച്, അമ്പലക്കുളത്തില്‍ കഴിഞ്ഞിരുന്ന കുമ്പള അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതലയ്ക്ക് വിട. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ബബിയ ചത്തത്.
അനന്തപുരം ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ബബിയ. സസ്യാഹാരം മാത്രമായിരുന്നു ഇത് കഴിച്ചിരുന്നത്. ഏകദേശം 77 വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. പടച്ചോറു നല്കാന് പൂജാരി പേര് വിളിക്കുമ്പോള്‍ ബബിയ എത്തിച്ചേരുന്ന കാഴ്ച കൗതുകകരമായിരുന്നു.
1945 ല്‍ ബ്രിട്ടീഷ് സൈനികന് ക്ഷേത്രത്തിലൂണ്ടായിരുന്ന മുതലയെ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് ബബിയ ഈ ക്ഷേത്രക്കുളത്തിലേക്ക് എത്തുന്നത്. ഇതോടെ ക്ഷേത്രത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ബബിയ മാറി.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെന്ന് വിശ്വാസികള്‍ കരുതുന്നു. ബബിയയെ കാണുന്നത് വലിയ അനുഗ്രഹമായാണ് ഭക്തര്‍ കരുതിയിരുന്നത്.
പൊതുദര്‍ശനത്തിന് ശേഷം ബബിയയുടെ മൃതദേഹം ക്ഷേത്രവളപ്പില്‍ സംസ്കരിക്കും. ബബിയയോടുള്ള ആദരസൂചകമായി ക്ഷേത്രനട അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയേ നട തുറക്കൂ.






