അമ്മയേയും ചേട്ടനേയും മാത്രമല്ല എട്ട് വർഷം മുൻപ് കാണാതായ പിതാവിനേയും കൊന്നത് സജി? പുരയിടത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി!! മണ്ണുമാന്തി ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത് ഇന്നു രാവിലെ

നെടുങ്കണ്ടം: കോട്ടയം നെടുങ്കണ്ടത്ത് യുവാവ് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ വീണ്ടും പുരയിടത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), ഇവരുടെ മൂത്ത മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി എന്ന സംശയത്തിന്റെ പുറത്താണ് പോലീസ് പരിശോധന നടത്തിയത്.
ഏപ്രിൽ 28-ാം തീയതിയാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിനുസമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒളിവിൽപോയിരുന്ന മേരിക്കുട്ടിയുടെ ഇളയമകൻ സജിയെ പോലീസ് പിടികൂടുകയായിരുന്നു. ഏപ്രിൽ നാലിനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും, സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു.
അതേസമയം എട്ടുവർഷം മുമ്പാണ് ഇവരുടെ പിതാവ് മാത്യുവിനെ കാണാതായത്. അച്ഛൻ മാത്യുവിന്റെ തിരോധാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സജി ആവർത്തിക്കുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പിന്നാലെയാണ് പോലീസ് ഇന്ന് ഇവരുടെ പുരയിടത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്. അദ്ദേഹത്തെയും മകൻ സജി കൊന്ന് കുഴിച്ചുമൂടിയതാവാം എന്ന സംശയത്തിലാണ് പോലീസുള്ളത്.
2018 മാർച്ച് അഞ്ചിനാണ് മാത്യുവിനെ കാണാതാവുന്നത്. അന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ കേസിൽ കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, മാത്യു ബസിൽ കയറി പോകുന്നത് കണ്ടിരുന്നു എന്ന് ചിലർ മൊഴി നൽകുകയും ചെയ്തിരുന്നു. ഇതോടെ കൃത്യമായ തെളിവുകൾ ലഭിക്കുന്ന ഘട്ടത്തിൽ തുടരന്വേഷണം നടത്താം എന്ന് രേഖപ്പെടുത്തി പോലീസ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു. ഇപ്പോൾ സഹോദരനേയും അമ്മയേയും കൊന്നു കുഴിച്ചുമൂടിയതോടെ പഴയ മിസ്സിംഗ് കേസ് പൊടിതട്ടിയെടുക്കുകയായിരുന്നു.
ഇപ്പോൾ പോലീസിന്റെ ചോദ്യംചെയ്യലിൽ സജി ഇതുസംബന്ധിച്ച എന്തെങ്കിലും തരത്തിലുള്ള വിവരം നൽകിയിരിക്കാം എന്നാണ് നിഗമനം. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് സജി അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട വീടിന്റെ പട്ടിക്കൂടിനടുത്തുള്ള പഴയ ചാണകക്കുഴിയുടെ ഭാഗത്തായി നടത്തിയ തിരച്ചിലിലാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. ഇത് മാത്യുവിന്റേത് തന്നെയാണെന്ന് തെളിഞ്ഞാൽ സജിക്കുമേൽ ഒരു കൊലപാതകക്കുറ്റം കൂടി ചുമത്തപ്പെടും.






