ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഖത്തറിലെ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി.
ലോകകപ്പിനിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. നവംബര്‍ ഒന്നു മുതല്‍ 20 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് നേരിട്ട് ഓഫീസുകളില്‍ എത്തുക. മറ്റുള്ളവര്‍ അവരുടെ താമസസ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യും. ഡിസംബര്‍ 19 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലായിരിക്കും.
ഓഫീസുകളില്‍ ഹാജരാകുന്ന ജീവനക്കാരുടെ ജോലി സമയം 4 മണിക്കൂറായി കുറച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ 11 വരെയായിരിക്കും ഇവരുടെ ജോലി സമയം.
അതേസമയം നവംബര്‍ 1 മുതല്‍ 17 വരെ സ്കൂളുകളുടെ പ്രവര്‍ത്തന സമയം കുറച്ചിട്ടുണ്ട്. സ്കൂളുകള്‍ രാവിലെ 7 മുതല്‍ ഉച്ച വരെയാകും പ്രവര്‍ത്തിക്കുക.