IndiaNEWS

അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നാണമില്ലേ? സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ചിദംബരം

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റത്തില്‍ മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ബാഹ്യഘടകങ്ങളാണെന്ന് നിസാരമായി പഴിചാരാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകുമെന്നും ചിദംബരം പറഞ്ഞു.

രാജ്യത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ സന്തോഷിക്കുന്നത് സര്‍ക്കാര്‍ മാത്രമാണെന്ന് ചിദംബരം ആരോപിച്ചു. പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ‘ഡിജിറ്റല്‍ ഇന്ത്യ’യെയും ചിദംബരം പരിഹസിച്ചു. സ്ഥിതി മോശമല്ലെന്ന് കാണിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. രൂപയുടെ തകര്‍ച്ചയ്ക്കും ജി.ഡി.പിയുടെ മന്ദഗതിയിലുള്ള വളര്‍ച്ചയ്ക്കും വിലക്കയറ്റത്തിനുമെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ്. അതുപറഞ്ഞ് സര്‍ക്കാരിന് ഉത്തരവാദിത്വങ്ങള്‍ കൈയൊഴിയാനാകുമോയെന്നും ചിദംബരം ചോദിച്ചു.

Signature-ad

”ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അധികാരത്തിലിരിക്കുന്നത്? ആഭ്യന്തര പ്രശ്‌നങ്ങളും ബാഹ്യവെല്ലുവിളികളും സര്‍ക്കാര്‍ കൈകാര്യം ചെയ്യണം. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുകയാണ്. റെക്കോര്‍ഡ് താഴ്ചയായ 82-ല്‍ ഇന്ന് രൂപയെത്തി. മറ്റു നാണയങ്ങളെക്കാള്‍ മികച്ച നിലയിലാണ് രൂപയെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത്തരം താരതമ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇന്ത്യയുടെ ആളോഹരി വരുമാനം മറ്റുരാജ്യങ്ങളുടേതിന് സമാനമല്ലെന്നത് കൂടി ശ്രദ്ധിക്കണം”- ചിദംബരം പറഞ്ഞു.

2012-ലും 2013-ലും യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നുവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങള്‍ അധികാരത്തില്‍ നിന്നിറങ്ങിയ 2014-ല്‍ രൂപയെ 58.4 എന്ന നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: