സാന്‍ ഫ്രാന്‍സിസ്‌കോ: മരുമകളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. 74 വയസുകാരനായ സീതല്‍ സിങ് ദോസാഞ്ച് ആണ് പിടിയിലായത്. മകനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള മരുമകളുടെ തീരുമാനത്തിലുള്ള അമര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാള്‍മാര്‍ട്ട് ജീവനക്കാരിയായ മരുമകള്‍ ഗുര്‍പ്രീത് കൗളിനെ സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. വാള്‍മാര്‍ട്ടിന്റെ സാന്‍ ജോസ് ശാഖയിലെ ജോലിക്കാരിയായിരുന്നു ഗുര്‍പ്രീത് കൗര്‍.
പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അമ്മാവനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗുര്‍പ്രീതിന് നേരെ ആക്രമണമുണ്ടായത്. സീതല്‍ തന്നെ അന്വേഷിച്ച് അവിടെ എത്തിയതായി ഗുര്‍പ്രീത് ഫോണ്‍ സംഭാഷണത്തിനിടെ പറഞ്ഞതായി അമ്മാവന്‍ പോലീസിന് മൊഴി നല്‍കി. അതിന് ശേഷം ഫോണ്‍ ബന്ധം വേര്‍പെട്ടതായും അദ്ദേഹം പറഞ്ഞു.
പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം കൂടെ ജോലി ചെയ്യുന്നയാളാണ് ഗുര്‍പ്രീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഫ്രെന്‍കോയിലെ വീട്ടില്‍ നിന്നാണ് സീതലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സീതലും മകനും ഫ്രെന്‍കോയിലും ഗുര്‍പ്രീത് സാന്‍ ജോസിലുമാണ് താമസിച്ചിരുന്നത്.
സിതല്‍ മരുമകളുടെ കാറിനടുത്തേക്ക് വാഹനം ഓടിച്ചു പോവുന്ന സി.സി. ടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട സീതല്‍ സാന്‍ ജോസിലെ ജയിലിലാണുള്ളത്.