പോത്തന്‍കോട് നിന്ന് കാണാതായ സൗദ എന്ന പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ഇരുട്ടില്‍ത്തപ്പി പൊലീസ്. തിരുവനന്തപുരം എം.ജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിയായ പത്തൊന്‍പതുകാരി സൗദയെ ഇക്കഴിഞ്ഞ 30 മുതലാണ് കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പോത്തന്‍കോട്, കന്യാകുളങ്ങര എന്നിവിടങ്ങളിലെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ യാതൊരു വിവരവും ലഭിച്ചില്ല.
കുട്ടിയുടെ ഫോണിലെ കാള്‍ലിസ്റ്റ് പരിശോധിച്ച പോത്തന്‍കോട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയതെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. വൈകിട്ട് നാലരയ്ക്ക് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
അതിനിടെ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കന്യാകുളങ്ങരയിലെ ഒരു കടയില്‍ നിന്ന് ലഭിച്ച സി.സി ടിവിയില്‍ പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കുന്നതും, കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറി തിരുവനന്തപുരത്തേക്ക് പോകുന്നതും പതിഞ്ഞിട്ടുണ്ട്. ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചെങ്കിലും യാതൊരു പുരോഗതിയുമില്ല. വീടിന് അടുത്തുള്ള ഒരു കടയില്‍ നിന്ന് കുട്ടി നൂറ് രൂപ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോത്തന്‍കോട് പൊലീസിനെ കൂടാതെ ജില്ലാ പൊലീസ് മേധാവിക്കും കുടുംബം പരാതി കൊടുത്തിട്ടുണ്ട്.