Breaking NewsNEWS

ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ യുവതിയേയും മകനേയും പോലീസ് ഇടപെടലില്‍ വീട്ടില്‍ക്കയറ്റി

കൊല്ലം: കൊട്ടിയത്ത് യുവതിയെയും അഞ്ചു വയസുകാരനായ മകനെയും ഭര്‍തൃവീട്ടുകാര്‍ പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പോലീസിന്റെ ഇടപെടല്‍. ഭക്ഷണം പോലും ലഭിക്കാതെ യുവതിയും കുഞ്ഞും മണിക്കൂറുകളായി വീടിനു പുറത്തായിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് വീട് തുറന്ന് അവരെ അകത്തു കയറ്റി.

കൊട്ടിയം തഴുത്തലയില്‍ അതുല്യയ്ക്കും മകനും നേരെയാണ് ഭര്‍തൃവീട്ടുകാരുടെ ക്രൂരത. അതുല്യയുടെ ഭര്‍ത്താവ് ഗുജറാത്തിലാണ്. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെ സ്‌കൂള്‍ വിട്ടു വന്ന മകനെ കൂട്ടാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃമാതാവായ അജിതാകുമാരിയാണ് വീടു പൂട്ടിയത്. സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. ആറര മണിക്കൂറോളം ഗേറ്റിനു പുറത്തു നിന്ന ശേഷം നാട്ടുകാരുടെ സഹായത്തോടെ മതിലു കടന്ന് വീടിന്റെ സിറ്റൗട്ടിലിരുന്നു രാത്രി കഴിച്ചുകൂട്ടിയത്. രാത്രി വൈകിയിട്ടു പോലും വീടു തുറന്നു നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായിരുന്നില്ല. വൈദ്യുതിയും വിച്ഛേദിച്ചു.

Signature-ad

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതുല്യ പറയുന്നു. സമാനമായ പീഡനങ്ങള്‍ തനിക്കു നേരെയും ഉണ്ടായെന്ന് ആരോപിച്ച് അജിതാകുമാരിയുടെ മൂത്ത മരുമകളായ വിനിയും രംഗത്തെത്തി. ഉപദ്രവം സഹിക്കാതെ വീടു വിട്ടിറങ്ങിയെന്നും ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും വിനി പറഞ്ഞു.

വനിതാകമ്മിഷന്‍ അംഗം ഷാഹിദാ കമാലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും സംഭവ സ്ഥലത്തെത്തിയിരുന്നു. അതുല്യയേയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് മാറ്റണമെന്ന ആവശ്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉന്നയിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. പോലീസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ആദ്യം നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും പ്രതിഷേധവുമായെത്തിയ തങ്ങള്‍ക്കു നേരെ പോലീസ് ലാത്തി വീശിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 

Back to top button
error: