പത്തനംതിട്ട: റാന്നിയില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അടൂരിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും പരിശോധനയില്‍ കണ്ടെത്തിയതോടെയാണ് റാന്നിയിലെ സിബിഎസ്‌ഇ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ടൂറിസ്റ്റ് ബസുകളില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് പിടികൂടിയത്. കുണ്ടറ സെറാമിക്‌സിലേക്കായിരുന്നു പഠനയാത്ര. എന്നാല്‍ യാത്രയ്ക്കായി സ്‌കൂള്‍ അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് മുമ്ബ് അമിതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്നില്‍ ബസ് ഹാജരാക്കാൻ അധികൃതര്‍ നിര്‍ദേശം നല്‍കി.പത്തനംതിട്ടയില്‍ രണ്ടിടത്താണ് മോട്ടോര്‍ വാഹന വകുപ്പ് രാവിലെ പരിശോധന നടത്തിയത്. നഗരത്തോടു ചേര്‍ന്നുള്ള മൈലപ്രയിലും അടൂര്‍ ബൈപ്പാസിലുമായിരുന്നു പരിശോധന.
ഇത് കൂടാതെ പത്തനംതിട്ടയിലെ പരിശോധനയില്‍ നിയമം ലംഘിച്ച മറ്റ് മൂന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.