അരിയാഹാരം മലയാളിയുടെ ദൗർബല്യമാണ്. എത്ര വിശിഷ്ടമായ ഭക്ഷണം കഴിച്ചാലും ഒരു നേരം ചോറ് എന്നതാണ് മലയാളിയുടെ രീതി. അതു കൊണ്ടു തന്നെ അരി വില കുത്തനെ കൂടുന്നത് കേരളീയരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കും. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതോടെ കേരളത്തിൽ അരി വില കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ, എല്ലാ ഇനം അരികളുടെയും വില ശരാശരി 12 രൂപയോളം ഉയർന്നിട്ടുണ്ട്. ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയർന്നു. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും 10 രൂപയോളം ഉയർന്നിട്ടുണ്ട്. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറു രൂപയോളമാണ്.
ആന്ധ്ര ജയ അരിയാണ് ഏറ്റവും വിലയേറിയത്. മൊത്തവ്യാപാര വിപണിയിൽ ഇതിന് 55 മുതൽ 58 രൂപ വരെയാണ് വില. ചില്ലറ വിപണിയിൽ 62 മുതൽ 64രൂപ വരെയും. കർണാടക ജയയുടെ വിലയും ഉയർന്നിട്ടുണ്ട്. ചില്ലറ വിൽപ്പന 45 രൂപ മുതൽ 47 രൂപ വരെയാണ് വില. വ്യാപാരികളുടെ അഭിപ്രായത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും അരി വിപണി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആന്ധ്ര ജയയുടെ വില വർദ്ധിച്ചതോടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളുടെ വിലകുറഞ്ഞ അരി വാങ്ങാൻ തുടങ്ങി. അതോടെ അവിടെയും ഡിമാൻഡ് വർദ്ധിച്ചു. അവർ അവസരം മുതലെടുത്ത് വിലയും വർദ്ധിപ്പിച്ചു.
മഹാരാഷ്ട്രയിൽ നിന്ന് എത്തുന്ന ക്രാന്തിക്ക് ചില്ലറ വിപണിയിൽ 50 രൂപ വരെയാണ് വില. ജയയെക്കാൾ 12 രൂപയോളം കിലോക്ക് കുറവുള്ളതിനാൽ ക്രാന്തിയാണ് കൂടുതൽ ചെലവാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. സുരേഖക്കും ചില്ലറവില കൂടി 41 രൂപവരെയായി. മൊത്ത വിപണിയിൽ 37-38 രൂപയാണ് കർണാടക ജയയുടെ വില. മധ്യപ്രദേശിൽ നിന്ന് എത്തുന്ന ജയ 39 രൂപക്ക് ലഭിക്കും. ബംഗാളിൽ നിന്ന് വരുന്ന സ്വർണയ്ക്ക് മൊത്ത വിപണിയിൽ 31 മുതൽ 32 രൂപ വരെയാണ് വില.
ആന്ധ്രയിൽ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വില വർധനക്ക് കാരണമായത്. അവിടെ സർക്കാർ നെല്ല് സംഭരണം തുടങ്ങിയതിനാൽ അവർ നിഷ്കർഷിച്ച ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് കർഷകർ ചുവടുമാറ്റി.
പൊതുവിപണിയിൽ അരി വിൽപന 60 ശതമാനത്തോളം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഗുണനിലവാരമുള്ള റേഷനരി ലഭിക്കുന്നതിനാൽ ആളുകൾ അതിനെ ആശ്രയിക്കുന്നു. മാർക്കറ്റ് വിലയെക്കാൾ അഞ്ചിരട്ടിയിലേറെ വിലകുറച്ച് റേഷൻകടയിൽ അരി ലഭിക്കുന്നുണ്ട്. അതില്ലായിരുന്നുവെങ്കിൽ ഇപ്പോൾ അരിവില അതിശയിക്കുന്ന നിലയിലേക്ക് ഉയരുമായിരുന്നെന്നും വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിൽ ആഭ്യന്തര വിപണിയിൽ അരി വിൽപന കൂടിയിട്ടുണ്ട്. അവിടെ റേഷനരി ഗുണനിലവാരമില്ലാത്തതായതിനാൽ ജനങ്ങൾ പൊതുവിപണിയെ കൂടുതൽ ആശ്രയിക്കുന്നു. അതാണ് തമിഴ്നാട്ടിൽനിന്നുള്ള അരിവില കൂടാൻ കാരണമായത്. അതേസമയം, പച്ചരിക്ക് വില കുറഞ്ഞിട്ടുണ്ട്. കർണാടക സൂപ്പർ ഫൈൻ പച്ചരിക്ക് മൊത്ത വിപണിയിൽ കിലോക്ക് 25ൽനിന്ന് 22.50 ആയി കുറഞ്ഞു. യു.പി ജയ പച്ചരി 29 – 29.50 എന്ന നിലയിലേക്ക് താഴ്ന്നു. നേരത്തേ 31 വരെ എത്തിയിരുന്നു. നവംബർ എത്തുന്നതോടെ യു.പി, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ വിളവെടുപ്പ് തുടങ്ങും. അതോടെഅരിവില കുറയുമെന്നാണ് പ്രതീക്ഷ.