തിങ്കളാഴ്ചയാണ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ ഏറ്റുമുട്ടിയത്. വഡോദരയിലെ സാവ്ലി ടൗണിലെ പച്ചക്കറി മാര്‍ക്കറ്റിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുവിഭാഗത്തിന്റെ ഉത്സവം അടുത്തിരിക്കെ, അവരുടെ മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വഡോദര റൂറല്‍ പൊലീസ് മേധാവി പിആര്‍ പട്ടേല്‍ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റില്‍ കൊടി കെട്ടിയത് ചോദ്യം ചെയ്യാന്‍ മറ്റൊരു സംഘം എത്തിയതോടെ കല്ലേറും സംഘര്‍ഷവുമുണ്ടായെന്നും പൊലീസ് വ്യക്തമാക്കി.
കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുഭാഗത്തുമുള്ള പ്രതികളായ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പട്രോളിങ് ശക്തമാക്കിയെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും വഡോദര പൊലീസ് വ്യക്തമാക്കി.