KeralaNEWS

കടുവയെ പേടിച്ച് മൂന്നാർ, നൈമക്കാട്; പിടികൂടാൻ ഊര്‍ജ്ജിത നീക്കവുമായി വനംവകുപ്പ്; 3 കൂടുകൾ കൂടി സ്ഥാപിച്ചു

ഇടുക്കി: മൂന്നാർ രാജമല നൈമക്കാട് ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളർത്തുമൃ​ഗങ്ങളെ അക്രമിച്ചുകൊല്ലുന്ന കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളില്‍ കുടുവെച്ചതിനാല്‍ രാത്രിയോടെ കുടുങ്ങുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. 100 ലധികം ഉദ്യോ​ഗസ്ഥരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.

ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ആദ്യമാണ്. നൈമക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് അക്രമത്തിനിരയായത്. ഇതില്‍ പത്തെണ്ണത്തിന് ജീവൻ നഷ്ടപ്പെട്ടു. ഈ സംഭവം നാട്ടുകാരുടെ ആശങ്ക വർദ്ധിപ്പിക്കുയാണ്. ഇന്നലെ രാത്രി വനംവകുപ്പ് കൂട് വെച്ചിരുന്നുവെങ്കിലും കടുവ മറ്റൊരിടത്താണ് അക്രമം നടത്തിയത്. കടുവയെ നാട്ടുകാരും വനപാലകരും ചേർന്ന് പടക്കം പൊട്ടിച്ചാണ് ഓടിച്ചത്. കടുവ രണ്ടു ദിവസങ്ങളിലായി എത്തിയ ഈസ്റ്റ് ഡിവിഷൻ 5 കിലോമീറ്ററര്‍ ചുറ്റളവിലുള്ള മുഴുവനിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Signature-ad

കടുവ അക്രമകാരിയാണെന്ന് വനവകുപ്പും സമ്മതിക്കുന്നുണ്ട്. കണ്ടെത്താന്‍ 15 പേരെടങ്ങുന്ന രണ്ടു സംഘം രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പ്രദേശത്ത് മുന്നു കൂടു കൂടി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഇരയെ ഇട്ട് കടുവയെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി. പളനിസ്വാമി , മാരിയപ്പന്‍ എന്നിവരുടെ 5 പശുക്കളാണ് ഇന്നലെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Back to top button
error: