തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് വാട്സാപ്പ് സന്ദേശമയച്ച പോലീസുകാരന് സസ്പെൻഷൻ.
കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനും തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പോലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ സ്പർജൻകുമാറാണ് നടപടിയെടുത്തത്.
പോത്തൻകോടുള്ള ഒരു സ്കൂളിന്റെ പിടിഎ ഗ്രൂപ്പിൽ കോടിയേരിയെ കൊലപാതകി എന്ന് വിശേഷിപ്പിച്ചാണ് ഉറൂബ് അധിക്ഷേപകരമായ പോസ്റ്റിട്ടത്. ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ നടപടി.