‘വെടിനിർത്തൽ നീട്ടില്ല, ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും’- ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: എങ്ങനെയും ഇറാനെ വരുതിയിലാക്കാനുള്ള ശ്രമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടുപോവില്ലെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണി ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്.
ഇനി ഒരിക്കൽകൂടി വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടില്ല, പക്ഷേ ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും’ എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
അതേസമയം ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ലോകത്തെ ഊർജ്ജ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. നയതന്ത്ര ചർച്ചകളിൽ ഇനിയും പുരോഗതി ഉണ്ടായില്ലെങ്കിൽ നിലവിലെ വെടിനിർത്തൽ തകരുകയും മേഖലയിൽ വീണ്ടും യുദ്ധം ആരംഭിക്കുകയും ചെയ്തേക്കാം. ഒരു കരാറിൽ എത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് ട്രംപ് ആവർത്തിക്കുമ്പോഴും, ചർച്ചകൾ പരാജയപ്പെട്ടാലുണ്ടാകുന്ന സൈനിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ് പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.






