കൊച്ചി: അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുമെന്ന് അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി പരാതിക്കാരി ഒപ്പിട്ടു നല്കി.
അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന കേസില്‍ നടനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരടു പൊലീസാണു നടനെ അറസ്റ്റു ചെയ്തത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം.
അഭിമുഖം നടക്കുമ്പോള്‍ ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ നടനെ പരിശോധനയ്ക്കു വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനായി ശ്രീനാഥിന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകള്‍ മരട് പോലീസ് ശേഖരിച്ചു. പരിശോധനാ ഫലം എതിരായാല്‍ കുരുക്കു മുറുകുമെന്ന തിരിച്ചറിവില്‍ നടനുവേണ്ടി ശക്തമായ ഇടപെടല്‍ ഉണ്ടായെന്നാണ് സൂചന. പരാതി പിന്‍വലിക്കാന്‍ അവതാരികയ്ക്കു മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അവതാരകയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശ്രീനാഥിന് നിര്‍മാതാക്കളുടെ സംഘടന സിനിമയില്‍നിന്ന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.