KeralaNEWS

”മിന്നല്‍ഹര്‍ത്താലില്‍ കോടതി ഇടപെടുന്നതുവരെ സര്‍ക്കാര്‍ ഒന്നുംചെയ്തില്ല”

കുറ്റപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ഈ മാസം 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാന്‍ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്നാണ് ഹൈക്കോടതിയുടെ കുറ്റപ്പെടുത്തല്‍.

ഹര്‍ത്താലിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ 5.20 കോടിരൂപ പോപ്പുലര്‍ ഫ്രണ്ട് സര്‍ക്കാരില്‍ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ത്താല്‍ദിനം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത കേസുകളിലെല്ലാം ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ സത്താറിനെ പ്രതിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Signature-ad

പിഴത്തുക ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിര്‍ദേശം. സര്‍ക്കാരിനും കെ.എസ്.ആര്‍.ടി.സിക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്. വൈവിധ്യമാര്‍ന്ന സമൂഹത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലര്‍ ഫ്രണ്ടിനും ജനറല്‍ സെക്രട്ടറിക്കും ഹര്‍ത്താല്‍ദിനത്തിലെ അക്രമങ്ങളില്‍ പങ്കില്ലെന്ന്് നടിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടിതശക്തികളുടെയും അക്രമം ഭയന്ന് ജനങ്ങള്‍ ജീവിക്കേണ്ട സാഹചര്യം അനുവദിക്കാനാകില്ല.

ആള്‍ക്കൂട്ടത്തിന്റെ വാഴ്ചയല്ല നിയമവാഴ്ചയാണ് ജനാധിപത്യത്തെ നിയമാനുസൃതമാക്കുന്നത്. മിന്നല്‍ഹര്‍ത്താല്‍ വിലക്കുന്ന 2019 ജനുവരി ഏഴിലെ ഉത്തരവുപ്രകാരം സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ ഉണ്ടാകുമായിരുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

 

Back to top button
error: