ന്യൂയോര്‍ക്ക്: ഇന്ത്യക്കാര്‍ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്. ”ഇന്ധന വിലവര്‍ധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളര്‍ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്വ്യവസ്ഥയെന്നും ജയ്ശങ്കര് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ജയ്ശങ്കര് പറഞ്ഞത്.
റഷ്യന്‍ ഇന്ധനത്തിന് ജി 7 രാജ്യങ്ങള്‍ പ്രൈസ് ക്യാപ് നിശ്ചയിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ജയ്ശങ്കര് ആശങ്ക പങ്കുവച്ചത്. തങ്ങള്‍ പങ്കാളികളുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നതെന്നും എണ്ണയില്‍നിന്നുള്ള വരുമാനം യുക്രെയ്നെതിരായ യുദ്ധത്തിന് ഇന്ധനമാകരുതെന്നും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ബ്ലിങ്കന്‍ പറഞ്ഞു. ഇതു യുദ്ധത്തിനുള്ള കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞതും ബ്ലിങ്കന്‍ പരാമര്‍ശിച്ചു.
യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നാണ് പ്രൈസ് ക്യാപ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഉപരോധങ്ങളുടെ ഭാഗമായി പ്രൈസ് ക്യാപ് നിലവില്‍ വന്നാല്‍ റഷ്യന്‍ ഇന്ധനം ആഗോള വിപണിയില്‍ ലഭ്യത കുറയും. ഇതുവഴി റഷ്യയുടെ വരുമാനം ഇല്ലാതാക്കാനാണ് ജി 7 രാജ്യങ്ങളുടെ നീക്കം. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും പെന്റഗണില്‍ ജയ്ശങ്കര് ചര്‍ച്ച നടത്തി.