ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള അശോക് ഗെലോട്ടിന്‍റെ സാധ്യതകള്‍ മങ്ങിയതോടെ ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത് മുതിര്‍ന്ന നേതാവായ കമല്‍നാഥിലേക്കാണ്. എന്നാല്‍ മധ്യപ്രദേശ് രാഷ്ട്രീയത്തിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിച്ച കമല്‍നാഥിന്‍റെ പേര് വീണ്ടും അധ്യക്ഷ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമല്‍നാഥ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. സോണിയ ഗാന്ധിയെ കമല്‍നാഥ് നിലപാട് അറിയിച്ചെന്നാണ് സൂചന.
ഹൈക്കമാന്‍ഡ് തീരുമാനം അശോക് ഗെലോട്ട് അട്ടിമറിച്ചെന്നാണ് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയുണ്ടായ സംഭവവികാസങ്ങളിലൂടെ സോണിയ ഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ ഗെലോട്ട് വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇരട്ടപദവി വേണ്ടെന്ന പരസ്യ പ്രസ്താവനയിലൂടെ നേതൃത്വത്തെയടക്കം ഗെലോട്ട് തെറ്റിദ്ധരിപ്പിച്ചു. ഹൈക്കമാന്‍ഡ് വിളിച്ച നിയമസഭാ കക്ഷിയോഗം അട്ടിമറിച്ച് സമാന്തര യോഗത്തിന് പച്ചക്കൊടി കാട്ടി.
ഗെലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പ്രവര്‍ത്തക സമിതിയംഗങ്ങള്‍ക്ക് പുറമെ എഐസിസി നിരീക്ഷരും ആവശ്യപ്പെട്ടതായാണ് വിവരം. സമാന്തര യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. രാജസ്ഥാനില്‍ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലും ആവര്‍ത്തിച്ചു. ഇന്ന് കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ച ഗെലോട്ടിനെ അജയ് മാക്കന്‍ അവഗണിച്ചത് ഹൈക്കമാന്‍ഡിന്‍റെ കടുത്ത പ്രതിഷേധത്തിന്‍റെ സൂചനയാണ്.