ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം മാനേജരുടെ ഒത്താശയോടെ ഭർത്താവ് അടിച്ചു മാറ്റി എന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും ബാങ്ക് മാനേജര്‍ക്കും എതിരേ കേസെടുത്ത് പോലീസ്.
ബദിയടുക്ക മുനിയൂരിലെ റംല റസീന നല്കിയ പരാതിയില്‍ ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ്, നെക്രാജെ സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ നാരായണന് നായര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 120 പവന് സ്വര്‍ണം കാണാനില്ലെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അബ്ദുള്‍ ലത്തീഫും പരാതിക്കാരിയായ ഭാര്യ റംലയും നേരത്തെ ഗള്‍ഫിലായിരുന്നു. രണ്ടുവര്‍ഷമായി ലത്തീഫ് നാട്ടിലാണ്. പിണക്കത്തെതുടര്‍ന്ന് ഇരുവരും വെവ്വേറെയാണ് താമസം.
വിദേശത്തായിരുന്ന റംല റസീന നാട്ടിൽ എത്തി പരിശോധിച്ചപ്പോഴാണ് ലോക്കറിൽ സൂക്ഷിച്ച 120 പവൻ സ്വർണാഭരണങ്ങൾ ബാങ്ക് രജിസ്റ്റർ കൃത്രിമം കാണിച്ച് ഭർത്താവ് തട്ടിയെടുത്തു എന്ന് ബോധ്യമായത്. 2020 ഓഗസ്റ്റ് 31നും 2022 സെപ്റ്റംബർ രണ്ടിനും ഇടയിൽ റംല റസീന വിദേശത്തായിരുന്നു എന്നും ഈ സമയത്ത് ആഭരണങ്ങൾ തട്ടിയെടുത്തുവെന്ന് സംശയിക്കുന്ന സംശയിക്കുന്നതായും കാസർഗോഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ റംല റസീന പറയുന്നു. തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തത്
മുന്‍പ് ലോക്കര്‍ തുറന്ന് സ്വര്‍ണം അവിടെയുണ്ടെന്ന് ഉറപ്പാക്കിയതാണെന്നും ഭര്‍ത്താവ് തന്റെ അനുവാദമില്ലാതെയാണ് സ്വര്‍ണമെടുത്തതെന്നും റംല റസീന നല്കിയ പരാതിയില്‍ പറയുന്നു. സ്വര്‍ണമെടുക്കാന്‍ ലത്തീഫിന് ബാങ്ക് മാനേജര്‍ ഒത്താശ നല്‍കിയെന്നും പരാതിയിലുണ്ട്. എന്നാല്‍ ലോക്കറിന്റെ ഉത്തരവാദിത്വം പൂര്‍ണമായും റംലയ്ക്കാണെന്നും ഭര്‍ത്താവ് അതില്‍നിന്ന് സ്വര്‍ണമെടുത്തതില്‍ ബാങ്കിന് ബന്ധമില്ലെന്നും ബാങ്ക് മാനേജര്‍ നാരായണന് നായര്‍ വിശദീകരിച്ചു.