കേരള ബാങ്ക് ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം.
ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജിയുടെ മകള്‍ അഭിരാമിയാണ് (19) ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയ്ക്കാണ് പതാരത്തുനിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല ഉദ്യോഗസ്ഥരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അധികൃതര്‍ ബാങ്കിലെത്തിയതിനു പിന്നാലെ അജിയും ഭാര്യയും അവിടെ എത്തി. ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യനടന്നതായി ഫോണ്‍ വന്നത്.
സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. ഇതിനുശേഷം ബാങ്ക് പത്രപരസ്യം നല്‍കിയശേഷമാണ് ജപ്തി നടപ്പാക്കുക. വസ്തു ബാങ്ക് അധീനതയിലാണെന്ന് കാട്ടി നോട്ടീസ് പതിക്കുകയാണ് രീതി. നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് അഭിരാമി. ഇന്ന് വൈകിട്ട് കോളജില്‍ നിന്നും എത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടി അറിയുന്നത്. വലിയ മനോവിഷമത്തിലായിരുന്ന കുട്ടി പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു.