ലഖ്നൗ: യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയോധ്യയില്‍ ക്ഷേത്രമുയര്‍ന്നു. അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് ഹൈവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ഈ ക്ഷേത്രം പണികഴിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി നില്ക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തില്‍ എല്ലാ ദിവസവും വൈകുന്നേരം പൂജയും ആരതിയും ചെയ്യുന്നുണ്ട്. യൂട്യൂബ് വ്ളോഗറായ പ്രഭാകര്‍ മൗര്യ (32) എന്നയാളാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. യോഗി പ്രചാരകനാണ് താനെന്ന് പ്രഭാകര്‍ സ്വയം വിശേഷിപ്പിക്കുന്നു. പാര്‍ട്ടിക്കായി വിവിധ ഗാനങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
”യോഗി ഞങ്ങള്‍ക്കായി രാമക്ഷേത്രം പണിയുന്നു. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിതു. രാമക്ഷേത്രം ആരു പ്രാവര്‍ത്തികമാക്കുന്നുവോ അവര്‍ക്കുവേണ്ടി ക്ഷേത്രം പണിയുമെന്ന് സത്യം ചെയ്തിരുന്നു.” പ്രഭാകര്‍ മൗര്യയുടെ നിലപാടിതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നടന്ന 2020 ഓഗസ്റ്റ് അഞ്ചിനാണ് ‘ശ്രീ യോഗി മന്ദിര്‍’ നിര്‍മാണം പ്രഭാകര്‍ മൗര്യ തുടങ്ങിയത്. രാജസ്ഥാനില്‍നിന്നും ബരാബങ്കിയില്‍നിന്നുള്ള രണ്ടു ശില്പികളാണ് നിര്‍മാണത്തിനു പിന്നില്‍. പ്രഭാകര്‍ തന്നെയാണ് ദിവസവും രണ്ടുനേരം ആരതി നടത്തുന്നത്.
‘ജയ് ജയ് യോഗി ബാബ’ എന്നാണ് പാട്ടിലെ വരികള്‍ തുടങ്ങുന്നത്. ആദിത്യനാഥിന്റെ ചെറുപ്പം മുതലുള്ള ജീവിതയാത്രയെക്കുറിച്ച് ഈ പാട്ടില്‍ പറയുന്നു. അമ്പും വില്ലും വലതുകൈയില്‍ പിടിച്ചുനില്‍ക്കുന്ന ആദിത്യനാഥാണ് വിഗ്രഹം. തലയ്ക്കു പിന്നിലായി സൂര്യകിരണങ്ങളും ഉണ്ട്. ”അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും നേര്‍ക്കാണ് യോഗിജി തന്റെ അമ്പ് തൊടുക്കുന്നത്. അതുകൊണ്ട് വിഗ്രഹത്തിനു പറ്റിയ ചിഹ്നം അതുതന്നെയാണ്” പ്രഭാകര്‍ പറയുന്നു.
ക്ഷേത്രത്തിന്റെ നിര്‍മിതിക്കായി 7 ലക്ഷം രൂപ ചെലവായി. മൗര്യയുടെ യൂടൂബ് ചാനലില്‍നിന്നുള്ള വരുമാനമാണ് ഇത്.