Breaking NewsNEWS

ആലുവ മുന്‍ എം.എല്‍.എ. കെ.മുഹമ്മദാലി അന്തരിച്ചു

കൊച്ചി: ആലുവയില്‍നിന്ന് 1980 മുതല്‍ ആറു തവണ നിയമസഭയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുഹമ്മദാലി (74) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കുറച്ചുനാളായി അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്തിനെതിരേ കെ മുഹമ്മദ് അലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയായിരുന്നു സിപിഎം സ്ഥാനാര്‍ഥിയാക്കിയത്.

ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17 നായിരുന്നു ജനനം. കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973-ല്‍ എഐസിസി അംഗമായി. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പിഎം നസീം ബീവി.

Signature-ad

1980 ല്‍ സി.പി.എം പിന്തുണയോടെയായിരുന്നു മുഹമ്മദാലി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് എന്നതു ചരിത്രം. ആലുവയിലെ സിറ്റിങ് എം.എല്‍.എ ആയിരുന്ന ഇന്ദിര കോണ്‍ഗ്രസിലെ ടി.എച്ച്. മുസ്തഫയ്ക്ക് എതിരെയായിരുന്നു കന്നിയങ്കം. അന്നത്തെ പ്രത്യേക രാഷ്ട്രീയ സമവാക്യങ്ങള്‍ക്കിടെ എ.കെ.ആന്റണിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു മത്സരരംഗത്തെത്തിയത്. കോണ്‍ഗ്രസ് എയും സി.പി.എമ്മും ലീഗിലെ ഒരു വിഭാഗവും മുഹമ്മദാലിക്കു വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ ഇന്ദിരാ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സി.പി.ഐയും മറുവശത്ത് ടി.എച്ച്.മുസ്തഫയ്ക്കു വേണ്ടി രംഗത്തിറങ്ങി.

എ.കെ.ആന്റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു മുഹമ്മദാലി. ഉമ്മന്‍ചാണ്ടി പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറിയായി. 1982ല്‍ വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന സിപിഎമ്മിനെതിരെയായിരുന്നു മുഹമ്മദാലിയുടെ മത്സരം. 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങി. തുടര്‍ന്നും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. ഇതിനിടെ ഇടതു സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയ മരുമകളെ പിന്തുണച്ചത് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള വിമര്‍ശനത്തിനു വഴിവച്ചിരുന്നു.

Back to top button
error: