തെരുവ്നായ ആക്രമണത്തില്‍ നിന്നും മദ്രസാ വിദ്യാർഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോയ കാസർകോട് സ്വദേശി ടൈഗര്‍ സമീറിനെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങൾ. വൈറൽ വീഡിയോയും കേസും വിവാദങ്ങളും വളരെ പ്രാധാന്യത്തോടെ എൻഡിടിവി, ടൈം നൗ, മിന്റ്, ഇൻഡ്യ ടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല സംസ്ഥാനങ്ങളിലെയും പ്രാദേശിക മാധ്യമങ്ങളിലും ടൈഗർ സമീർ ചർച്ചാ വിഷയമായി. കേരളത്തിലെ തെരുവുനായ പ്രശ്‌നം ഗൗരവചർച്ചയാവാനും അധികൃതരുടെ കണ്ണ് തുറക്കാനും സമീർ നിമിത്തമായി.
കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്. ഇതിന്‍രെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. നായ്ക്കളെ കൊല്ലാന്‍ തോക്കേന്തി ആഹ്വാനം നല്‍കിയെന്നും സമീറിനെതിരെ കുറ്റമുണ്ട്.
തെരുവ് നായയെ ആക്രമിച്ചാൽ വെടിവെക്കുമെന്ന് പറഞ്ഞ് തോക്കുമായി കുട്ടികളുടെ മുന്നിലൂടെ സമീർ നടക്കുന്ന വീഡിയോ, സാമൂഹ്യ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളുമായി വൈറലാണ്. അതിനിടെയാണ് ഐപിസി സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) പ്രകാരം ബേക്കൽ പൊലീസ് കേസെടുത്തത്.
മക്കളുടെ സംരക്ഷണം ഒരു പിതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് സമീർ വിവാദങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സ്വന്തം മക്കളായതിനാൽ ഷോകേസിൽ സൂക്ഷിച്ച കളിത്തോക്ക് കൈവശം വയ്ക്കാൻ നിർബന്ധിതനായെന്നും ഇത് പ്രദേശത്തെ പ്രശ്‌നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നായയെ പേടിച്ച് സ്‌കൂളിലും മദ്രസയിലും പോകുവാൻ മടിക്കുന്ന കുട്ടികൾക്ക് ആത്മവിശ്വാസം പകരാനാണ് താൻ അങ്ങനെ ചെയ്തതെന്ന് സമീർ പറയുന്നു.
പൊലീസ് നടപടിയെ നിശിതമായി വിമർശിച്ച് ‘തോക്കുസ്വാമി’ എന്ന പേരിൽ അറിയപ്പെടുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയും രംഗത്തുവന്നിട്ടുണ്ട്. എയർഗൺ വീട്ടിൽ സൂക്ഷിക്കാൻ വാങ്ങിയതിന്റെ ബിൽ മാത്രം മതിയെന്നും സ്വന്തം മക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത മാതാപിതാക്കൾക്കുണ്ടെന്നും അദ്ദേഹം ഫേസ്ബുകിൽ കുറിച്ചു.