IndiaNEWS

ചരക്കുനീക്കത്തിന് ചെലവ് കുറയും; പുതിയ നയം പ്രധാനമന്ത്രി പുറത്തിറക്കി

ന്യൂഡല്‍ഹി: ചരക്കുകടത്തുചെലവ് കുറയ്ക്കാനും റോഡിലെ തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കി. റോഡുമുഖേനയാണ് ഇപ്പോള്‍ 60 ശതമാനത്തോളം ചരക്കുകടത്ത്. ഇതു പകുതിയാക്കും. റെയില്‍വേ വഴിയുള്ള 28 ശതമാനം 40 ആക്കി ഉയര്‍ത്തും. ഡിജിറ്റല്‍ സാങ്കേതികവിദ്യയുള്‍പ്പെടെയുള്ള നൂതനമാര്‍ഗങ്ങള്‍ പ്രയോഗിച്ച് ചരക്കുഗതാഗതം സുഗമമാക്കുമെന്നു പറയുന്ന നയം വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.

അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാനും രാജ്യത്തെ ആഗോള ഉത്പാദനകേന്ദ്രമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ നയത്തിലുണ്ട്. കടത്തുചെലവ് 13-14 ശതമാനത്തില്‍നിന്ന് അഞ്ചുവര്‍ഷത്തിനുള്ളില്‍ പത്തുശതമാനത്തില്‍ താഴെയാക്കലാണ് ലക്ഷ്യം. മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചരക്കുകടത്തു കൂലി ഇന്ത്യയില്‍ കൂടുതലാണ്. മികച്ച സമ്പദ്‌വ്യവസ്ഥാ മാതൃകകളില്‍ റോഡുവഴി 25-30 ശതമാനം, റെയില്‍മാര്‍ഗം 50-55 ശതമാനം, കടല്‍മാര്‍ഗം 20-25 ശതമാനം എന്നിങ്ങനെയാണ് ചരക്കുകടത്തല്‍ നടക്കുന്നത്. ഈ നിലവാരത്തിലേക്ക് ഇന്ത്യന്‍ ചരക്കുകടത്തു മേഖലയെയും എത്തിക്കുക എന്നതാണ് നയത്തിന്റെ അടിസ്ഥാനം.

Signature-ad

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉറപ്പാക്കാന്‍ കടത്തുചെലവ് കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു തുടക്കമിട്ട് 2014-ല്‍തന്നെ രാജ്യം വ്യവസായ, വാണിജ്യ സൗഹൃദമാക്കാനുള്ള നപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 20,000 കോടി ഡോളര്‍ മൂല്യമുള്ളതാണ് ഇന്ത്യയിലെ ചരക്കുകടത്തു മേഖല. 2020-ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനാണ് ലോജിസ്റ്റിക് മേഖലയുമായി ബന്ധപ്പെട്ട പുതിയ നയമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്. പി.എം. ഗതിശക്തി, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിന് പുതിയ നയം സഹായമാകും. ചരക്കുകടത്തിന് ഏകീകൃത ഇന്റര്‍ഫേസ് സംവിധാനം നടപ്പാക്കുന്നതാണ് പ്രധാനം. ഡിജിറ്റല്‍ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാകും.

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയാണെന്നും കയറ്റുമതിരംഗത്ത് പുതിയ ലക്ഷ്യങ്ങള്‍ ഉറപ്പാക്കുകയാണെന്നും നയം പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞു. ഡ്രോണ്‍ നയവും പ്രയോജനപ്പെടുത്തും. തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിച്ചു. കപ്പലുകളുടെ കയറ്റിറക്ക് പൂര്‍ത്തിയാക്കല്‍ 44 മണിക്കൂറില്‍നിന്ന് 26 മണിക്കൂറാവും. കൂടുതല്‍ പരിസ്ഥിതിസൗഹൃദ ജലപാതകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

 

Back to top button
error: