കോഴിക്കോട്: കൊടുവള്ളിയില്‍ മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയില്‍. വയനാട് വൈത്തിരി സ്വദേശി മുരുകനാണ് (30) പിടിയിലായത്. ഇയാളില്‍നിന്ന് 1.125 കിലോ കഞ്ചാവ് പിടിച്ചെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡും കൊടുവള്ളി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വയനാട്, മലപ്പുറം ജില്ലകളിലായി ഭണ്ഡാര കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് മുരുകന്. കൊടുവള്ളി മാനിപുരം റോഡില്‍ ഒതയോത്ത് അങ്ങാടിയിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡും കൊടുവള്ളി പോലീസും പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. മൂന്ന് കിലോ കഞ്ചാവ് എത്തിച്ചതായാണ് വിവരം ലഭിച്ചത്. ബാക്കിയുള്ള കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തിയെന്നാണ് സൂചന. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുകയാണ് മുരുകന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.