IndiaNEWS

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ അറസ്റ്റില്‍

ദില്ലി: അഴിമതി കേസിൽ ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിലായി. രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് അമാനത്തുള്ള ഖാനെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. ദില്ലി വഖഫ് ബോർഡിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയ്ക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഖാനെ വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നു.

വഖഫ് ബോർഡ് ചെയർമാൻ ആയിരിക്കെ അനധികൃതമായി 32 പേരെ ജോലിയിൽ നിയമിച്ചെന്നാണ് കേസ്. അഴിമതിയും സ്വജനപക്ഷപാതവും ന‌ടത്തിയുള്ളതാണ് ഈ നിയമനങ്ങളെന്ന് ആന്റി കറപ്ഷൻ ബ്യൂറോ വാദിക്കുന്നു. ദില്ലി വഖഫ് ബോർഡ് സിഇഒ ഇതു സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നും ആന്റി കറപ്ഷൻ ബ്യൂറോ വാർത്താക്കുറിപ്പിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പരിശോധനക്കിടെ അന്വേഷണസംഘത്തിന് നേരെ അമാനത്തുള്ള ഖാന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആക്രമണമുണ്ടായെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Signature-ad

ആന്റി കറപ്ഷൻ ബ്യൂറോ സംഘം 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത രണ്ട് തോക്കുകളും പിടിച്ചെടുത്തു. കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡ് ചെയ്യുന്ന നിരവധി ആം ആദ്മി എംഎൽഎമാരിൽ അവസാനത്തെയാളാണ് അമാനത്തുള്ള ഖാൻ.

അതിനി‌ടെ, ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ ബ്യൂറോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കെജ്രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച പരാതിയിൽ ഇവര്‍ പറയുന്നത്. ഗുജറാത്തിലെ രാജ് കോട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാർ ജീവനക്കാരടക്കുള്ള പൊതു സേവകരോട് ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യാൻ ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം. വാർത്താ സമ്മേളനത്തിന്റെ വീഡിയോയിൽ ഇത് വ്യക്തമാകുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു.

കെജ്രിവാൾ ഗുജറാത്തിലെ പൊതുസേകരെല്ലാം ആം ആദ്മിക്ക് വേണ്ടി ജോലി ചെയ്യണമെന്ന് പ്രേരിപ്പിക്കുകയും ആഹ്വാനം ചെയ്യുകയുമുണ്ടായി. പൊലീസുകാർ, ഹോം ഗാർഡുകൾ, അംഗൻവാടി പ്രവർത്തകർ, സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവർമാർ കണ്ടക്ടർമാർ, പോളിംഗ് ബൂത്ത് ഓഫീസർമാർ എന്നിവരടക്കം എല്ലവാരും വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ എഎപിയെ സഹായിക്കാൻ വേണ്ടി ജോലി ചെയ്യണം എന്നാണ് കെജ്രിവാൾ ആഹ്വാനം ചെയ്തത് എന്നും പരാതിയിൽ പറയുന്നു.

Back to top button
error: