മാവേലിക്കര: ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
വടക്കേത്തുണ്ടത്ത് സ്കൈ ലാന്‍ഡ് എന്ന പേരില്‍ ഓണ്‍ലൈന്‍ ജനസേവാ കേന്ദ്രം നടത്തുന്ന ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് ഉത്രാടം വീട്ടില്‍ ബിന്ദു (43), കൊയ്പ്പള്ളികാരാഴ്മ സന്തോഷ് നിവാസില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര പല്ലാരിമംഗലം മങ്ങാട്ട് വീട്ടില്‍ സന്തോഷ് കുമാര്‍ (52) എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഡോ.ആര്‍.ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ബിന്ദു നടത്തുന്ന കമ്ബ്യൂട്ടര്‍ സ്ഥാപനത്തിലാണ് നിയമന ഉത്തരവുകള്‍ വ്യാജമായി നിര്‍മ്മിച്ചത്. സന്തോഷ് ഇടപാടില്‍ സബ് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.
മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വി.വിനീഷ് രാജനെതിരെ (32) 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നു കോടിയുടെ തട്ടിപ്പാണ് ഇതുവരെ പുറത്തു വന്നതെന്നും പൊലീസ് പറഞ്ഞു.