അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കുക.സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ വീതം ഒന്‍പത് പേര്‍ക്ക് നല്‍കും.ഇതിന് പുറമേ ഒരു ലക്ഷം രൂപ വീതം 90 പേര്‍ക്കും 5000 രൂപ വീതം 72,000 ടിക്കറ്റുകള്‍ക്കും സമ്മാനമായി നല്‍കും.
ലോട്ടറികള്‍, ഗെയിം ഷോകള്‍, മത്സരങ്ങള്‍, കുതിരപ്പന്തയം പോലുള്ളവയില്‍ നിന്ന് കിട്ടുന്ന വരുമാനം തുടങ്ങിയവയൊക്കെ ആദായ നികുതി നിയമം 115ബിബി സെക്ഷന്‍ അനുസരിച്ച് ‘മറ്റ് സ്രോതസുകളില്‍ നിന്നുള്ള വരുമാന’മായാണ് കണക്കാക്കപ്പെടുന്നത്. നിയമപ്രകാരം ഇങ്ങനെ ലഭിക്കുന്ന മുഴുവന്‍ തുകയ്ക്കും 30 ശതമാനം എന്ന നിരക്കില്‍ ആദായ നികുതി നല്‍കണം. തീര്‍ന്നില്ല ചിലപ്പോള്‍ സെസും സര്‍ചാര്‍ജ്ജും കൂടി നല്‍കേണ്ടി വരും. നിങ്ങളുടെ ആദായ നികുതി സ്ലാബ് അനുസരിച്ച് 35.5 ശതമാനത്തോളം വരെ നികുതി അടയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.
30 ശതമാനം നികുതിയ്ക്ക് പുറമെ നികുതി അടയ്ക്കുന്ന പണത്തിന്റെ മൂന്ന് ശതമാനം എല്ലാവരില്‍ നിന്നും സെസ് ആയും ഈടാക്കും. ഇതിന് പുറമെ നിങ്ങളുടെ വാര്‍ഷിക വരുമാനം (ഇപ്പോള്‍ കിട്ടുന്ന സമ്മാനം ഉള്‍പ്പെടെ) 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ നികുതിയുടെ 10 ശതമാനം കൂടി സര്‍ചാര്‍ജ്ജായി ഈടാക്കും. വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടത് 15 ശതമാനം തുകയാണ്.
സമ്മാനം ലഭിക്കുന്നവര്‍ക്ക് ചെക്കായോ ഡ്രാഫ്റ്റായോ അതുമല്ലെങ്കില്‍ അക്കൗണ്ടിലേക്ക് നേരിട്ടോ ഒക്കെ പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാറാണ് പതിവ്. ഇങ്ങനെ ചെയ്യുമ്പോള്‍ ബാധകമായ നികുതി ഈടാക്കിയ ശേഷമേ (ടി.ഡി.എസ്) പണം നല്കാന് പാടുള്ളൂ എന്നാണ് ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 194 ബി അനുശാസിക്കുന്നത്. എന്നാല്‍ പണത്തിന് പകരം കാറോ ഫ്ലാറ്റോ അല്ലെങ്കില്‍ മറ്റ് വല്ല സാധനങ്ങളോ ആണ് സമ്മാനം നല്കുന്നതെങ്കില് അതിന്റെ വില കണക്കാക്കിയ ശേഷം നികുതി തുക വാങ്ങിയ ശേഷമേ സമ്മാനം നല്കാന് പാടുള്ളൂ.
ലോട്ടറി വഴിയും സമ്മാനമായും ഒക്കെ ലഭിക്കുന്ന തുകയ്ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കണമെന്ന് മാത്രമല്ല, ഒരു തരത്തിലുമുള്ള നികുതി ഇളവ് ഇതിന് ലഭിക്കില്ല. സമ്മാനം കിട്ടുന്നയാളിന്റെ വാര്‍ഷിക വരുമാനം (സമ്മാനം കൂടി കൂട്ടിയാലും) ആദായ നികുതി പരിധിയായ 2.5 ലക്ഷത്തിന് താഴെയാണ് വരുന്നതെങ്കിലും അയാള്‍ നികുതി നല്‍കണം. ഉദാഹരണത്തിന് ഒരാള്‍ക്ക് ലോട്ടറിയടിക്കുന്നത് ഒരു ലക്ഷം രൂപയാണെങ്കില്‍, അയാള്‍ക്ക് വേറെ ഒരു പൈസ പോലും മറ്റ് വരുമാനങ്ങള്‍ ഇല്ലെങ്കിലും അയാള്‍ ഈ ഉയര്‍ന്ന നിരക്കില്‍ ആദായ നികുതി നല്‍കണം.
കേരള സംസ്ഥാന ലോട്ടറിക്ക് സമ്മാനം കിട്ടുന്ന ടിക്കറ്റ് വിറ്റ ഏജന്റിനും കമ്മിഷന് ലഭിക്കും. സമ്മാന തുകയുടെ 10 ശതമാനമാണ് ഇങ്ങനെ നല്‍കുന്നത്. ഇതും സമ്മാന തുകയില്‍ നിന്ന് കുറയ്ക്കുും. ഇത് കുറച്ച ശേഷമാണ് ആദായ നികുതി കണക്കാക്കുക.ഒരു ലക്ഷം രുപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ കമ്മിഷന് ഈടാക്കുന്നുള്ളൂ.
സെപ്റ്റംബര്‍ 18നാണ് ഇത്തവണത്തെ തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടക്കുക. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനുള്ള അനുമതിയാണ് ഇത്തവണ സര്‍ക്കാര്‍ കേരള ലോട്ടറി വകുപ്പിന് നല്‍കിയിരിക്കുന്നത്. ഇതുവരെ 55 ലക്ഷം ടിക്കറ്റോളം വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ലോട്ടറി എടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം
1. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
2. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.
3. സ്റ്റാമ്ബ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോര്‍ഡ് ചെയ്തെടുക്കാന്‍ സാധിക്കും. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്ബ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം.മുഴുന്‍ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതില്‍ രേഖപ്പെടുത്തിയിരിക്കണം.
4. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ക്കാണ് സമ്മനം ലഭിച്ചതെങ്കില്‍, ഒരു ഗാര്ഡിയന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ആണിത്.
5. ഒന്നില്‍ കൂടുതല്‍ പേര് പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കില്‍, ഇവരില്‍ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്.
6. ഭാഗ്യക്കുറി സമ്മാനത്തിന് നല്കുന്ന അപേക്ഷയില്‍ നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കേണ്ടതുണ്ട്. പാന്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് അങ്ങനെ എന്തും തിരിച്ചറിയല്‍ രേഖയായി നല്‍കാവുന്നതാണ്.
7. സമ്മാനമടിച്ച ടിക്കറ്റ് ദേശസാത്കൃത, ഷെഡ്യൂള്‍ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവിടങ്ങളിലും ഏല്‍പ്പിക്കാം. ഇങ്ങനെ കൊടുക്കുമ്ബോള്‍ ബാങ്കുകാര് മൂന്ന് രേഖകള്‍ സംസ്ഥാന ലോട്ടറി ഡയറക്ട്രേറ്റിലേക്ക് അയക്കേണ്ടതുണ്ട്. 1. സമ്മാനാര്‍ഹനില്‍ നിന്നും അധികാര സാക്ഷ്യ പത്രം വാങ്ങണം. ഇത് കേരള ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. 2. സമ്മാനത്തുക കൈപ്പറ്റുന്ന ബാങ്കിന്റെ സാക്ഷ്യപത്രം. 3. സമ്മാനത്തുക കൈപ്പറ്റുന്നതിന് അധികാരപ്പെടുത്തിയ സാക്ഷ്യപത്രം. ഇത്രയും സാക്ഷ്യ പത്രങ്ങളാണ് ലോട്ടറി ഡയറക്ടര്‍ക്ക് ബാങ്ക് അധികൃതര്‍ നല്‍കേണ്ടത്.
8. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്.