സാമ്പത്തികതട്ടിപ്പ് കേസിൽ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ജബല്‍പുര്‍ രൂപത ബിഷപ് പി.സി സിങ്ങിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച വിദേശത്തുനിന്നെത്തിയ ബിഷപ്പിനെ നാഗ്പുര്‍ വിമാനത്താവളത്തില്‍ നിന്ന് മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജബല്‍പുർ ബിഷപ്പ്ഹൗസില്‍ നടത്തിയ പരിശോധനയില്‍ 1.65 കോടിരൂപയുടെ ഇന്ത്യന്‍ കറന്‍സിയും 18,000 യു.എസ് ഡോളറും 118ബ്രിട്ടീഷ് പൗണ്ടും ആണ് കണ്ടെത്തിയത്. 17 അധിക സ്വത്തിന്റെ രേഖകള്‍, 48 ബാങ്ക് അക്കൗണ്ട്സ്, 80.72 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഈ സമയം ബിഷപ് ജര്‍മനിയിലായിരുന്നു. വിദ്യാഭ്യാസ സൊസൈറ്റിയുടെ ചെയര്‍മാനായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴിഞ്ഞ മാസമാണ് ബിഷപ്പിനെതിരെ കേസെടുത്തത്. സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസിനത്തില്‍ വാങ്ങിയ 2.70 കോടി രൂപ മതസ്ഥാപനങ്ങളിലേക്ക് വകമാറ്റിയെന്നും ദുരുപയോഗം ചെയ്തെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ച പണം ബിഷപ്പ് പി.സി സിങ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് പരാതി ലഭിച്ചതായി സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ദേവേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ 84 ക്രിമിനല്‍ കേസുകള്‍ ബിഷപ്പ് പി.സി സിങ്ങിന്റെ പേരിലുണ്ട്.
സൊസൈറ്റിയുടെ മുന്‍ അസി.രജിസ്ട്രാര്‍ ബി.എസ്. സോളങ്കിക്കെതിരെയും കേസെടുത്തിരുന്നു. പണം മതപരിവര്‍ത്തനത്തിനോ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനോ വിനിയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് പറഞ്ഞു.