കണ്ണൂര്‍: ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിക്ക് പരുക്ക്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണു പരുക്കേറ്റത്. കുട്ടിയുടെ തലയ്ക്കാണ് കല്ല് കൊണ്ടത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു ശേഷം മടങ്ങുമ്പോഴാണ് സംഭവം. മംഗളൂരു -തിരുവനന്തപുരം എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും മധ്യേയാണ് കല്ലേറുണ്ടായത്.
അച്ഛമ്മ വിജയകുമാരിക്കൊപ്പം എസ് 10 കോച്ചില്‍ ഇരുന്ന് പുറംകാഴ്ചകള്‍ കണ്ട് തിരിയുന്നതിനിടെയാണു കീര്‍ത്തനയ്ക്കു നേരെ കല്ലേറു കൊണ്ടത്. അമ്മേ… എന്നു വിളിച്ച് കരയുന്നതു കേട്ട് നോക്കുമ്പോള്‍ തലയുടെ ഇടതു വശത്തു നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളം കേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി.
അതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പ്രാഥമിക ശുശ്രൂഷ നല്‍കി.
ട്രെയിന്‍ തലശ്ശേരിയില്‍ എത്തിയ ഉടന്‍ ആര്‍.പി.എഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് രാത്രി 9.15നു മലബാര്‍ എക്‌സ്പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തേക്കു യാത്ര തുടര്‍ന്നു. കല്ലേറുണ്ടായ പ്രദേശത്ത് ആര്‍.പി.എഫും റെയില്‍വേ പോലീസും പരിശോധന നടത്തി. മംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ ട്രെയിനു നേരെ കല്ലെറിയുന്നതും ട്രാക്കില്‍ കല്ല് നിരത്തുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.