ചേർത്തല: ഓണാഘോഷ പരിപാടിയിൽ
പങ്കെടുത്തതിനു ശേഷം സമ്മാനങ്ങളുമായി അമ്മയോടൊപ്പം നടന്നു പോയ ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു.
ഗുരുതര പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർത്തല മറ്റവനയിലാണ് ദാരുണ സംഭവം.
ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ മറ്റവന പുത്തൻവീട്ടിൽ
സജിയുടെ മകൾ ശ്രീലക്ഷ്മി-12 ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മാതാവ് ലേഖയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.
ചേർത്തല കുറുപ്പംകുളങ്ങര മറ്റവന കവലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം. ഓണാഘോഷ പരിപാടിയിലെ
മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവുമായി അമ്മയോടൊപ്പം കാൽനടയായി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ പിന്നാലെ വന്ന ഇന്നോവ കാർ ഇടിയ്ക്കുകയായിരുന്നു.
തെറിച്ച് വീണ ശ്രീലക്ഷ്മിയെയും, ലേഖയേയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീലക്ഷ്മി മരിച്ചു.
അപകടമുണ്ടാക്കിയ കാർ ഡ്രൈവർ തൈക്കാട്ട്ശേരി സ്വദേശി അമൽനാഥിനെ അർത്തുങ്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.
ഡ്രൈവർ മദ്യപിച്ചിരുന്നു എന്നാരോപിച്ച് നാട്ടുകാരും പ്രതിഷേധിച്ചു.
വർഷങ്ങളായി തിരുവിഴയിൽ വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും കഴിഞ്ഞ ദിവസമാണ്
മറ്റവന ഭാഗത്ത് പുതിയ വീട് വെച്ച് താമസം തുടങ്ങിയത്.