അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പെട്ട നിര്‍ധനരായ 25 പേര്‍ക്ക് വീടുവച്ചു നല്‍കുമെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ പറഞ്ഞു.
തിരുവനന്തപുരം അമ്പൂരിയിലാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഗുണഭോക്താക്കളെ ഫൊക്കാന നേരിട്ട് കണ്ടെത്തുമെന്നും ഫൊക്കാന പ്രസിഡണ്ട് പറഞ്ഞു.
കേരള സര്‍വ്വകലാശാലകയുമായി ചേര്‍ന്ന് ഫൊക്കാന നടപ്പാക്കിവരുന്ന ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി തുടരും. ഫൊക്കാന അംഗങ്ങളുടെ മക്കള്‍ക്കുള്ള തൊഴിലധിഷ്ഠിത പരിശീലന പദ്ധതികള്‍ ആരംഭിക്കും.
അമേരിക്കയിലെ തൊഴിലവസരണങ്ങളും പഠന സാധ്യതകളും സംബന്ധിച്ച വിവരങ്ങള്‍ ഫൊക്കാനയുടെവെബ് സൈറ്റില്‍ ലഭ്യമാക്കും. പ്രവാസികളുടെ മക്കളെ മലയാളം പഠിപ്പിക്കാന്‍ ഓസ്റ്റിന്‍ ടെക്‌സസ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന മലയാളം അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കും.
സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ എത്തി അപകടത്തിലും മറ്റും പെട്ടുപോകുന്നവരെ നാട്ടില്‍ തിരിച്ചെത്തിക്കേണ്ട സാഹചര്യം വന്നാല്‍ അവര്‍ക്ക് സഹായം ലഭ്യമാക്കും.
കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ബാധിതരായവരുടെ അമ്മമാരെ സഹായിക്കുന്ന പദ്ധതിക്ക് ഫൊക്കാന വുമണ്‍സ് ഫോറം പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
വാഷിംഗ്ടണ് ഡി സിയില്‍ ഫൊക്കാനയുടെ ആസ്ഥാനമന്ദിരം ഉടന്‍ സ്ഥാപിക്കുമെന്നും ഡോ ബാബു സ്റ്റീഫന്‍ അറിയിച്ചു.