ആലുവ:കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിനെ രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്ക് ഏറ്റെടുക്കുമെന്ന് വാര്‍ത്ത.
ഇരു ബാങ്കുകളും തമ്മില്‍ ലയിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു എന്നാണ് വാര്‍ത്തയിൽ പറയുന്നത്. ഇതിന് പിന്നാലെ ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 7 ശതമാനം മുന്നേറ്റം കാഴ്ചവെച്ചു.
കേരളത്തിലെ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 1931-ല്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ട്രാവന്‍കൂര്‍ ഫെഡറല്‍ ബാങ്ക് എന്ന സ്ഥാപനം 1945-ലാണ് ആലുവ കേന്ദ്രമാക്കി മാറ്റി സ്ഥാപിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1.12 കോടി ഉപഭോക്താക്കളും 1,400-ഓളം ശാഖകളും 1,400-ലേറെ എ.ടി.എമ്മുകളും ബാങ്കിന് സ്വന്തമായുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും ബാങ്കിന് സ്വന്തം ശാഖകളുണ്ട്.