മസ്‍കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കഴാഴ്‍ച വൈദ്യുതി തടസപ്പെട്ടു. അനുബന്ധമായി രാജ്യത്തെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി ഇല്ലാത്തത് മൂലം ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം പലയിടങ്ങളിലും നിലച്ചു. രാജ്യത്തെ ടെലിഫോണ്‍ നെറ്റ്‍വര്‍ക്കുകളിലും പ്രശ്‍നങ്ങളുണ്ടായി. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ വൈദ്യുതി ശൃംഖലയില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായും അവ പരിഹരിക്കാന്‍ ഒമാന്‍ ഇലക്ട്രിസിറ്റി ട്രാന്‍സ്‍മിഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഒമാനിലെ അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നിലവില്‍ പടിപടിയായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്‍ക്ക് പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ട്രാഫിക് സിഗ്നലുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായി. ചില സ്ഥലങ്ങളില്‍ മൊബൈല്‍ നെറ്റ്‍വര്‍ക്ക് പ്രവര്‍ത്തിക്കാതെ വന്നുവെന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായെന്നും ടെലികോം കമ്പനിയായ ഉറീഡൂ അറിയിച്ചു. വൈദ്യുതി മുടങ്ങിയതു മൂലമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടായതെന്ന് വെളിപ്പെടുത്തിയ കമ്പനി, ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുകയും ചെയ്‍തിട്ടുണ്ട്.
മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്തവളത്തെയും വൈദ്യുതി തടസം ബാധിച്ചിട്ടുണ്ട്. സാഹചര്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും നിലവില്‍ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ വൈദ്യുതി തകരാര്‍, സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.