മങ്കയം മലവെള്ളപ്പാച്ചില്‍ ദുരന്തം: കാണാതായ യുവതിയുടെ മൃതദേഹവും കണ്ടെത്തി; മരണം രണ്ടായി
തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (37) ആണ് മരിച്ചത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മങ്കയം വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
രാത്രി വൈകിയും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തിരച്ചില്‍ നടത്തിയെങ്കിലും ഷാനിയെ കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും മോശം സാഹചര്യവും കാരണം ഞായറാഴ്ചത്തെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരച്ചില്‍ പുനഃരാരംഭിച്ച് അധികം വൈകാതെ ഷാനിയുടെ മൃതദേഹം കണ്ടെത്തി. നസ്രിയ ഫാത്തിമയെ രക്ഷിക്കനാണ് ഷാനി ആറ്റിലിറങ്ങിയത്.
ഷാനി മക്കളായ ഹാദിയയ്ക്കും ഇര്‍ഫാനുമൊപ്പമാണ് മങ്കയം കാണാനായി ഇവരുടെ ബന്ധുവായ ഷഫീക്കിനൊപ്പം പോയത്. മക്കളുടെ മുന്നില്‍വെച്ചാണ് ഷാനി ഒഴുക്കില്‍പ്പെട്ടത്. കരയില്‍നിന്ന് നിലവിളിക്കാനേ മക്കള്‍ക്കായുള്ളൂ. ഹാദിയയും ഇര്‍ഫാനും അലറിവിളിച്ചെങ്കിലും ഷാനിയെ വെള്ളത്തില്‍ കാണാതായി. ഒഴുക്കില്‍പ്പെട്ട നസ്രിയയെയും ഐറൂസുവിനെയും രക്ഷിക്കാനാണ് ഷാനി ആറ്റിലിറങ്ങിയത്.
ഷാനിയുടെ ഭര്‍ത്താവ് അബ്ദുള്ള അടുത്തിടെയാണ് സൗദിയില്‍നിന്നു തിരിച്ച് നാട്ടിലെത്തിയത്. ഇദ്ദേഹം യാത്രയ്ക്ക് എത്തിയിരുന്നില്ല. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്. വിതുരയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും എട്ടുപേരെയും രക്ഷപ്പെടുത്തിയിരുന്നു.