KeralaNEWS

‘ടീച്ചറമ്മ’യുടെ മാഗ്സസെ മോഹം പാര്‍ട്ടി വെട്ടിനിരത്തി

ന്യൂഡല്‍ഹി: മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, മാഗ്സസെ പുരസ്‌കാരം സ്വീകരിക്കുന്നതു പാര്‍ട്ടി വിലക്കി. സി.പിഎം. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെതാണു തീരുമാനം. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. എന്നാല്‍, അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ, മാഗ്സസെ ഫൗണ്ടേഷനെഅറിയിച്ചു.

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റാമോണ്‍ മാഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിന് പരിഗണിക്കുന്ന കാര്യം ഫൗണ്ടേഷന്‍ ശൈലജയെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ അവസാനം പുരസ്‌കാരത്തിന് അര്‍ഹയായ വിവരം മാഗ്സസെ ഫൗണ്ടേഷന്‍ കെ.കെ.ശൈലജയെ അറിയിച്ചു. പുരസ്‌കാരം സ്വീകരിക്കാനുള്ള അവരുടെ താല്പര്യം ഫൗണ്ടേഷന്‍ ആരായുകയും ചെയ്തിരുന്നു.

Signature-ad

പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗമായ ശൈലജ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായാണ് വിവരം. ആരോഗ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച കടമ മാത്രമാണ് ശൈലജ നിര്‍വഹിച്ചതെന്നാണ് സി.പി.എം. വിലയിരുത്തുന്നത്. നിപയ്ക്കും കോവിഡിനുമെതിരായ പ്രതിരോധങ്ങള്‍ സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും അതിനാല്‍ വ്യക്തിഗത ശേഷിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്നുമാണ് കേന്ദ്രനേതൃത്വം നിലപാട് സ്വീകരിച്ചത്.

ഇതേത്തുടര്‍ന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ലെന്നു കാണിച്ച് ശൈലജ, ഫൗണ്ടേഷന് കത്തയച്ചു. കമ്മ്യൂണിസ്റ്റ് പോരാളികള്‍ക്കെതിരേ പ്രവര്‍ത്തിച്ചയാളുടെ പേരിലുള്ള പുരസ്‌കാരം വാങ്ങുന്നത് അനുചിതമാണെന്നും പാര്‍ട്ടി വിലയിരുത്തി. എന്നാല്‍, വിഷയത്തില്‍ സി.പി.എം. കേന്ദ്രനേതൃത്വം പ്രതികരിച്ചിട്ടില്ല. പ്രതികരിക്കാനില്ലെന്നു കെ.കെ.ശൈലജയും വ്യക്തമാക്കി.

Back to top button
error: