മോസ്‌കോ: റഷ്യയിലെ ഓണ്‍ലൈന്‍ ടാക്സി സേവനമായ യാന്റെക്സ് ടാക്സിയുടെ സോഫ്റ്റ് വെയര്‍ കയ്യടക്കിയ ഹാക്കര്‍മാര്‍ ഡസന്‍ കണക്കിന് കാറുകളെ ഒരേ സ്ഥലത്തേക്ക് തന്നെ അയച്ചു. ഇത് മൂന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയാക്കി.
യാന്റെക്സിന്റെ സുരക്ഷ ഭേദിച്ച ഹാക്കര്‍മാര്‍ വ്യാജ ബുക്കിങുകള്‍ നടത്തിയാണ് ഡ്രൈവര്‍ഡമാരെ ഒരേ സ്ഥലത്തേക്ക് അയച്ചത്. ഹോട്ടല്‍ യുക്രൈന്‍ സ്ഥിതി ചെയ്യുന്ന
മോസ്‌കോയിലെ കുറ്റ്സോവ്സ്‌കി പ്രോസ്പെക്ടിലേക്കാണ് കാറുകള്‍ എത്തിച്ചേര്‍ന്നത്.
യുക്രൈനിനെതിരേ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെയാണ് ഹാക്കര്‍മാരുടെ ഈ നടപടി എന്നാണ് അനുമാനം.
അതേസമയം, ഹാക്കിങിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അനോണിമസ് എന്ന ഹാക്കിങ് സംഘമാണ് ഈ ഇതിന് പിന്നില്‍ എന്നാണ് അനോണിമസ് ടിവി എന്ന ട്വിറ്റര്‍ പേജ് അവകാശപ്പെടുന്നത്.
ആഗോള തലത്തില്‍ ഗൂഗിളിനുള്ള സ്വീകാര്യത റഷ്യയില്‍ സ്വന്തമായുള്ള സ്ഥാപനമാണ് യാന്റെക്സ്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പടെ വിവിധ സേവനങ്ങള്‍ കമ്പനയ്ക്കുണ്ട്. രാജ്യത്ത് ഏറ്റവും സ്വീകാര്യതയുള്ള ടാക്സി സേവനം കൂടിയാണ് യാന്റെക്സ് ടാക്സി.