NEWS

ലഹരിമരുന്നു കേസുമായി മകന് ബന്ധമില്ല:ഉമ തോമസ് എംഎൽഎ

കൊച്ചി :ലഹരിമരുന്നു കേസുമായി  മകന് ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ.
ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവാദം ചൂടുപിടിച്ചത്.

തനിക്ക് ഏറെ അടുപ്പമുള്ള കുട്ടി ഇന്ന് ലഹരിക്ക് അടിമയാണെന്നാണ് വി ഡി സതീശന്‍ നിയമസഭയില്‍ വികാരാധീനനായി പറഞ്ഞത്. ‘ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്, എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാന്‍ അതിമിടുക്കന്‍. പ്രമുഖ എന്‍ജിനീയറിങ് കോളജില്‍ പഠനം പൂര്‍ത്തിയാക്കി. എന്നാല്‍ ഇന്ന് ലഹരിക്ക് അടിമയാണ്. രണ്ട് തവണ ലഹരി വിമോചന കേന്ദ്രത്തിലാക്കി. അവന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണെന്നും സതീശന്‍ പറഞ്ഞിരുന്നു.

ഇതോടെയാണ് സതീശന്‍ സൂചിപ്പിച്ചത് പി ടി തോമസിന്റെ മകനാണ് എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തയുടെ എണ്ണം കൂടിയതോടെയാണ് ഉമ തോമസ് പ്രതികരണവുമായി രംഗത്തെത്തിയത്.
ഉമ തോമസിന്റെ കുറിപ്പ്:

ചില ഷാജിമാരുടെ എഫ്ബി പോസ്റ്റ് കണ്ടു. പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകന്‍ തൊടുപുഴ അല്‍-അസര്‍ കോളജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

മരിച്ചിട്ടും ചിലര്‍ക്ക് പി ടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. പി ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.

Back to top button
error: