IndiaNEWS

ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

മലയാളികള്‍ക്കും അഭിമാനമുഹൂര്‍ത്തം

കൊച്ചി: ഇന്ത്യയ്ക്കിത് അഭിമാനമുഹൂര്‍ത്തം. തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു, ഐ.എന്‍.എസ്. വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് ഇത് അഭിമാനനേട്ടമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിനു മുതല്‍ക്കൂട്ടാകുമെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

വിക്രാന്ത് വെറുമൊരു യുദ്ധകപ്പലല്ല. വിശാലമാണ്, വിരാടാണ്, വിശിഷ്ടമാണ്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. ”കേരളത്തിന്റെ കടല്‍ത്തീരത്ത് ഇന്ന് ഓരോ ഇന്ത്യക്കാരനും ഒരു പുതിയ ഭാവിയുടെ സൂര്യോദയത്തിനാണ് സാക്ഷികളാകുന്നത്. ഈ ചടങ്ങ് ആഗോള ചക്രവാളത്തില്‍ ഇന്ത്യയുടെ മനോവീര്യം ശക്തിപ്പെടുത്തുന്നതിനുള്ള ആഹ്വാനമാണ്.

Signature-ad

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്രയും വലിയ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന ലോകത്തിലെ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ന് ഇന്ത്യയും ചേര്‍ന്നു. ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് പുതിയ വിശ്വാസം സൃഷ്ടിച്ചു. മേക്ക് ഇന്‍ ഇന്ത്യ മാത്രമല്ല, മേക്ക് വേള്‍ഡ് ആണ് ലക്ഷ്യം. കൊളോണിയലിസത്തിന്റെ അടയാളങ്ങള്‍ നീക്കംചെയ്ത നാവികസേനയുടെ പുതിയ പതാക ഛത്രപതി ശിവജിക്ക് സമര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ നിയന്ത്രണങ്ങളെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ശാഖകളും സ്ത്രീകള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. തിരമാലകള്‍ക്ക് അതിരുകളില്ലാത്തതുപോലെ, ഇന്ത്യയുടെ പുത്രിമാര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല” -അദ്ദേഹം വ്യക്തമാക്കി.

നേരത്തേ, കൊച്ചി കപ്പല്‍ശാലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. വിക്രാന്തിന്റെ കമ്മിഷനിങ്ങിന് മുന്‍പായി നാവികസേനയുടെ പുതിയ പതാക അദ്ദേഹം പുറത്തിറക്കി. കൊളോണിയല്‍ ചരിത്രശേഷിപ്പു മാറ്റി രാജ്യത്തിന്റെ സമ്പന്നമായ സമുദ്രപൈതൃകത്തിന് അനുയോജ്യമാണ് പുതിയ പതാക. സ്വതന്ത്ര ഇന്ത്യയുടെ നാവിക സേനയ്ക്ക് ഇതു നാലാം തവണയാണ് പതാക മാറുന്നത്.

രാജ്യം തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യവിമാനവാഹിനി പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് 2002 ലാണ്. 2007 ല്‍ കൊച്ചി കപ്പല്‍ശാലയുമായി നിര്‍മാണ കരാറൊപ്പിട്ടു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി 2009 ലാണ് കപ്പല്‍ നിര്‍മാണത്തിന് കീലിട്ടത്. നിര്‍മാണവേളയില്‍ ഐ.എസി. 1 എന്ന് പേരിട്ടിരുന്ന ഈ വമ്പന്‍ വിമാനവാഹിനിക്ക് ഡീ കമ്മിഷന്‍ ചെയ്ത ഐഎന്‍എസ് വിക്രാന്തിന്റെ സ്മരണയിലാണ് ആ പേര് നല്‍കിയത്. എന്നാല്‍, 1997 ല്‍ ഡീകമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്തിനേക്കാള്‍ ഏതു തലത്തിലും പതിന്‍മടങ്ങ് മുന്‍പിലാണു പുതിയ വിക്രാന്ത്. മിഗ്-29 കെ യുദ്ധവിമാനങ്ങള്‍, കമോവ്-31 എയര്‍ ഏര്‍ളി വാണിങ് ഹെലികോപ്റ്ററുകള്‍, എം.എച്ച്-60 ആര്‍ മള്‍ട്ടി-റോള്‍ ഹെലികോപ്റ്റര്‍, തദ്ദേശീയമായി നിര്‍മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ എന്നിവ വഹിക്കാനുള്ള ശേഷി വിക്രാന്തിനുണ്ട്.

വിക്രാന്ത് പൂര്‍ണ സജ്ജമാകുന്നതിനൊപ്പം മൂന്നാമത്തെ വിമാനവാഹിനിയായ ഐ.എന്‍.എസ്. വിശാലിന്റെ നിര്‍മാണാനുമതി കേന്ദ്രസര്‍ക്കാരില്‍ നേടിയെടുക്കാനുള്ള തീവ്രയത്‌നത്തില്‍ കൂടിയാണ് നാവികസേന.

Back to top button
error: