പയ്യന്നൂര്‍: ഉടമ ജ്വല്ലറി പൂട്ടാന്‍ മറന്നത് അര്‍ധരാത്രിയില്‍ പോലീസിന് തലവേദനയായി. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുനിന്ന് സന്ദേശമെത്തിയപ്പോള്‍ പാഞ്ഞെത്തിയ പോലീസ് ഉടമയെ വിളിച്ച് ജ്വല്ലറി പൂട്ടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പയ്യന്നൂര്‍ സെന്റ് മേരീസ് ജങ്ഷനിലെ സില്‍ഗോ സില്‍വര്‍ ഗോള്‍ഡിലാണ് സംഭവം. ജ്വല്ലറിയുടമ ഷെഫീഖിന്റെ മറവിയാണ് പൊല്ലാപ്പായത്.
ബുധനാഴ്ച രാത്രി ഷെഫീഖ് ജ്വല്ലറി പൂട്ടാനൊരുങ്ങിയപ്പോള്‍ മഴ വന്നതിനാല്‍ ഷട്ടര്‍ താഴ്ത്തിയശേഷം മഴക്കോട്ട് ഇട്ട് മഴ കുറയാനായി കാത്തുനിന്നു. ഇതിനിടെ സ്ഥാപനം പൂട്ടാന്‍ മറന്നുപോയി. കടയ്ക്ക് സെക്യൂരിറ്റി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കൈയില്‍ ഉടമയുടെ ഫോണ്‍നമ്പറുണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്റെ നമ്പര്‍ അറിയാത്തതിനാല്‍ അടിയന്തരസഹായത്തിനുള്ള 100-ല്‍ വിളിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശം പയ്യന്നൂര്‍ പോലീസിലെത്തിയത്.
അടിയന്തരമായി എത്തണമെന്ന് അര്‍ധരാത്രിയില്‍ പോലീസ് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്നു ജൂവലറിയിലെത്തിയപ്പോഴാണ് കട പൂട്ടാന്‍ മറന്നുപോയ കാര്യം ഉടമയ്ക്ക് ഓര്‍മവന്നത്. ഒടുവില്‍ ഷെഫീഖെത്തി കടപൂട്ടി മടങ്ങി.