പീരുമേട്: പ്രദേശവാസി അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ ആശുപത്രി പൂട്ടി പോയി. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിനു കീഴില്‍ പൂണ്ടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിയാണ് ഡോക്ടര്‍ പൂട്ടിയത്.
പ്രദേശത്ത് ആശുപത്രിക്ക് 25 സെന്റ് സ്ഥലമുണ്ട്.
പ്രദേശവാസിയായ മഹേഷ് എന്നയാള്‍ ഇവിടെ മണ്ണ് നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റുമടക്കം സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ആശുപത്രിയുടെ പണി തീരാത്ത കെട്ടിടത്തില്‍ മഹേഷ് െവെക്കോല്‍ സൂക്ഷിച്ചിരുന്നു. ഇത് ആശുപത്രി കെട്ടിടത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചു.
ഇതേത്തുടര്‍ന്ന് ഡോക്ടറുടെ ക്യാബിനുള്ളില്‍ കയറിവന്ന മഹേഷ് തന്നെ അപമാനിക്കുകയും അസഭ്യം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്‌തെന്ന് ഡോക്ടര്‍ അഞ്ജു പറഞ്ഞു. സംഭവത്തിനുശേഷം ഡോക്ടര്‍ ആശുപത്രി പൂട്ടി പഞ്ചായത്തിലെത്തി സെക്രട്ടറിക്കു പരാതി നല്‍കി. പരാതി വണ്ടിപ്പെരിയാര്‍ പോലീസിനു െകെമാറുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.