കോട്ടയം: ശമ്പളത്തിനു വേണ്ടി കൈക്കുഞ്ഞുമായി കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ സമരം. കോട്ടയം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് മുന്നിലായിരുന്നു കണ്ടക്ടര്‍മാര്‍ കൈക്കുഞ്ഞടക്കം കുടുംബവുമായി സമരം ചെയ്തത്. കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ മാങ്ങാനം സ്വദേശി വൈശാഖ്, ഭാര്യ രേഖ, അവരുടെ മൂന്ന് വയസുള്ള കുഞ്ഞ്, അതിരംപുഴ സ്വദേശിയായ അമോല്‍, അവരുടെ കൈക്കുഞ്ഞ് എന്നിവരാണ് സമരത്തിലുണ്ടായിരുന്നത്.
ജോലിചെയ്ത കൂലി കിട്ടാന്‍ വേണ്ടി മാത്രമാണ് സമരമെന്നും കുടുംബം നോക്കാന്‍ മറ്റുവഴിയില്ലെന്നും കണ്ടക്ടര്‍മാര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ല. ബോണസോ മറ്റ് അലവന്‍സോ ഒന്നും ചോദിക്കുന്നില്ലെന്നും ജോലി ചെയ്ത കൂലി മാത്രമാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
”ബാങ്ക് ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം ശമ്പളത്തെ ആശ്രയിച്ചാണ്. ശമ്പളത്തിന്‍െ്‌റ പേരില്‍ ഞങ്ങള്‍ വിട്ടുവീഴ്ച നടത്തുകയാണ്. ഞങ്ങളോട് ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. മറ്റു മാര്‍ഗം എന്താണ്” -ഇവര്‍ ചോദിക്കുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി നേരിട്ട് സംസാരിക്കാമെന്ന ഡി.ടി.ഒയുടെ ഉറപ്പില്‍ ഇവര്‍ താല്‍ക്കാലികമായി സമരം നിര്‍ത്തി.
അതിനിടെ, കെ.എസ്.ആര്‍.ടി.സി. ശമ്പള വിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്‍െ്‌റ മൂന്നിലൊന്ന് വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു.