ദില്ലി: ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്ന് എഐസിസി വൃത്തങ്ങൾ സൂചിപ്പിച്ചു .അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം ധാരണയുണ്ടാകുമെന്നുംനേതാക്കൾ സൂചിപ്പിച്ചു. അതേസമയം ഉത്തരേന്ത്യയില്‍ നിന്ന് അധ്യക്ഷന്‍ വേണമെന്ന വാദത്തെ ഹിന്ദിയില്‍ മറുപടി പറഞ്ഞാണ് തരൂര്‍ ഇന്ന് നേരിട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ആണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മത്സരിക്കാനുള്ള സാധ്യത നിലനിർത്തുന്ന ശശി തരൂര്‍ സമവായത്തിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ഗാന്ധി കുടംബം താല്‍പ്പര്യപ്പെടുന്നതെന്നാണ് വിവരം. വടക്കേ ഇന്ത്യയില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് വാദം ഉയർത്തി തരൂരിനെ നേരിടാനാണ് ഔദ്യോഗിക പക്ഷത്തിൻറെ നീക്കം. എന്നാല്‍ ഇതിനെ ഭാരതീയനാവുകയാണ് വേണ്ടതെന്ന് ഹിന്ദിയില്‍ മറുപടി പറഞ്ഞ് തരൂർ പ്രതിരോധിച്ചു .
കോണ്‍ഗ്രസ് ഒരു വ്യക്തിയല്ലെന്നും തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക സുതാര്യമാക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മത്സര സാധ്യത സജീവമാക്കി നിലനിര്‍ത്തുന്ന തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കേണ്ടതിൻ്റെ ആവശ്യകത ലേഖനങ്ങളിലൂടെ സാധൂകരിക്കാൻ ശ്രമിക്കുകയാണ്. ഒരു കുടംബത്തിന് മാത്രമേ ഒരു പാര്‍ട്ടിയെ നയിക്കാനാകൂവെന്ന് വിശ്വസിക്കുന്ന രീതിയിലേക്ക് എത്താനാകില്ലെന്ന ലേഖനത്തിലെ തരൂരിന്റെ പരാമർശം ഗാന്ധി കുടംബത്തെ ലക്ഷ്യമിട്ടുള്ളത് കൂടെയാണ്. ഇതിനിടെ സുതാര്യതക്കായി വോട്ടർപട്ടിക പുറത്ത് വിടണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് വിമത നേതാക്കള്‍ .
കോണ്‍ഗ്രസിലെ ചിലർ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് തരൂരിനെയും മനീഷ് തിവാരിയേയും ഉന്നമിട്ട് രാഹുൽ ടീമിലെ മാണിക്യം ടാഗോർ എംപി വിമർശിച്ചു . അധ്യക്ഷ തെരഞ്ഞെടുപ്പ് സുതാര്യമാണെന്നും ബിജെപി അധ്യക്ഷനെ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ചിന്തിക്കണമെന്നുമായിരുന്നു യുവനേതാവായ സച്ചിന് പൈലറ്റിന്റെ പ്രതികരണം.