മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വർധിപ്പിച്ചു. അഞ്ചു മുതല്‍ 30 വരെ രൂപയാണ് വര്‍ധന. സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് പുറത്തുവന്നു.
ഒരു വശത്തേക്കുള്ള യാത്രയ്ക്ക് വിവിധ വിഭാഗങ്ങളിലെ വാഹനങ്ങൾക്കു 10 മുതൽ 65 രൂപ വരെ വർധിക്കും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് 90 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 120 രൂപയായിരുന്നത് 135 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140 ൽനിന്ന് 160 ആയും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയായും കൂടും.
കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവിലുണ്ടായിരുന്ന 75 രൂപ 80ഉം ഒരുദിവസം ഒന്നിലധികം യാത്രക്ക് 110 രൂപയുണ്ടായിരുന്നത് 120ഉം ആയി വര്‍ധിപ്പിച്ചു. പ്രതിമാസ യാത്രനിരക്ക് 2195ല്‍നിന്ന് 2370 ആയി.
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒന്നിലധികം യാത്രക്ക് ഈടാക്കിയിരുന്ന 190 രൂപ 275 ആയും ബസ്, ട്രക്ക് എന്നിവക്ക് ഒരു ദിശയിലേക്കുള്ള 255 രൂപ 275 രൂപയായും ഉയര്‍ത്തും. ഒന്നിലേറെ യാത്രക്ക് 385 രൂപ 415 ആയും പ്രതിമാസ ടോള്‍ 7680 രൂപ എന്നത് 8285 ആയും ഉയര്‍ത്തി.
വലിയ ബഹുചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 410 രൂപ 445 ആക്കി. ഒരു ദിവസം ഒന്നിലേറെ യാത്രക്ക് 665 രൂപയാക്കി. ഇത്തരം വാഹനങ്ങളുടെ പ്രതിമാസ നിരക്കായിരുന്ന 12,345 രൂപ 13,320 ആക്കി. 975 രൂപ വര്‍ധന. നിരക്ക് വര്‍ധനവിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേ സമയം ടോൾ നിരക്ക് വർദ്ധന അന്യായമാണെന്നും ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും തൃശൂർ ഡി.സി.സി വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു. കരാർ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാതെയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്. കരാർപ്രകാരം നിലവിലെ നിരക്കിന്റെ മൂന്ന് ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കാൻ പാടില്ലെന്നും പറയുന്നു, ഇപ്പോൾ
15 ശതമാനം വരെ വർദ്ധനവുണ്ട്. നിരക്ക് വർദ്ധനവിന് എതിരെയുള്ള പൊതു താത്പര്യഹർജി കരാർ പ്രവൃത്തികളെല്ലാം പൂർത്തീകരിച്ചുവെന്ന കരാർ കമ്പനിയുടെയും എൻ.എച്ച്.എ.ഐയുടെയും സത്യവാങ് മൂലം പരിഗണിച്ച് കോടതി ഹർജി 2021 നവംബറിൽ അവസാനിപ്പിച്ചു. എന്നാൽ ചാലക്കുടി , പുതുക്കാട് അടിപ്പാത , പീരിയോഡിക്കൽ റിന്യൂവൽ (റീടാറിങ് ) ഡ്രൈനേജുകൾ , സർവീസ് റോഡുകൾ , കൾവെർട്ടുകൾ തുടങ്ങി ഇനിയും പണിപൂർത്തീകരിക്കാനുണ്ടെന്ന് എൻ.എച്ച്.എ.ഐ നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. ഇത് ശരിവെക്കുന്ന രീതിയിൽ 58 കോടി രുപക്ക് പുതിയ കരാർ നല്കിയിരിക്കുകയുമാണ് .ഈ കാര്യങ്ങളും , തെറ്റായി സത്യവാങ്മൂലം നൽകിയതും ചൂണ്ടിക്കാട്ടിയാണ് നിരക്ക് വർദ്ധിപ്പിക്കരുതെന്ന് കാണിച്ച് ഹർജി നല്കുന്നത് . ഈ കാര്യങ്ങളെല്ലാം കാണിച്ച് എൻ.എച്ച്.എ.ഐ , സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി , ജില്ലാ കളക്ടർ തുടങ്ങിയവർക്ക് പരാതികൾ നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ നിരക്ക് വർദ്ധനവുമായി മുന്നോട്ട് പോകുന്നത് അന്യായമാണെന്നും ഇതിനെതിരെ ഒരക്ഷരം ഉരിയാടാത്ത സംസ്ഥാന പൊതുമരാമത്തു മന്ത്രിയുടെ നിലപാട് അപലപനീയമാണെണെന്നും അഡ്വ ജോസഫ് ടാജറ്റ് പറഞ്ഞു.