രാജ്യത്തെ പ്രധാന ഗതാഗത മാര്‍ഗമാണ് റെയില്‍വേ. ഒരു വര്‍ഷത്തില്‍ നിരവധി ആളുകളുടെ യാത്ര ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട് റെയില്‍വേ. പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കും. ടിക്കറ്റ് ലഭിക്കാന്‍ തന്നെ യാത്രക്കാര്‍ ബുദ്ധിമുട്ടാറുണ്ട്. അതിനാല്‍ തന്നെ പലപ്പോഴും സീറ്റ് ലഭിക്കാന്‍ ആളുകള്‍ പലപ്പോഴും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍ തീരുമാനിച്ച പോലെ യാത്ര ചെയ്യാന്‍ കഴിയാതെ ഇരിക്കുകയോ, അവസാന നിമിഷത്തെ ചില അടിയന്തിര സാഹചര്യങ്ങളോ കാരണം പലരും ടിക്കറ്റ് റദ്ദാക്കാന്‍ നിര്‍ബന്ധിതരാകുന്നു
സ്ഥിരീകരിച്ച ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ഒരു ക്യാന്‍സലേഷന്‍ ഫീസ് ഈടാക്കുന്നുണ്ട്. ജിഎസ്ടി കൂടി ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നത് കൂടുതല്‍ ചെലവേറിയതായിരിക്കും. ഓഗസ്റ്റ് മൂന്നിനാണ് ധനമന്ത്രാലയത്തിന്റെ നികുതി ഗവേഷണ വിഭാഗം, ട്രെയിന്‍ ടിക്കറ്റുകളോ ഹോട്ടല്‍ ബുക്കിംഗുകളോ റദ്ദാക്കുന്നതിന് ജിഎസ്ടി ആകും എന്ന സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഒരു ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാരന്‍ ഏര്‍പ്പെട്ട കരാറില്‍ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോള്‍ സേവന ദാതാവിന് ഒരു ചെറിയ തുക നഷ്ടപരിഹാരം യാത്രക്കാരന്‍ നല്‍കണം ഇതാണ് റദ്ദാക്കല്‍ ചാര്‍ജായി പരിഗണിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നത് ജിഎസ്ടി നല്‍കേണ്ട വ്യവഹാരം ആണെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.
ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ് കോച്ച് ടിക്കറ്റുകള്‍ക്ക് 5 ശതമാനം ജിഎസ്ടി ചുമത്തുന്നുണ്ട്, അതിനാല്‍ റദ്ദാക്കല്‍ നിരക്കുകള്‍ക്കും അതേ നിരക്കില്‍ ജിഎസ്ടി ബാധകമാകും. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എസി ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ എസി എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് റദ്ദാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ 240 രൂപ ഈടാക്കുന്നു. ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ 5 ശതമാനം ജിഎസ്ടി നല്‍കണം. എസി 2-ടയര്‍ ടിക്കറ്റുകള്‍ക്ക് 200 രൂപയും എസി 3-ടയര്‍ ടിക്കറ്റുകള്‍ക്ക് 180 രൂപയും ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് റദ്ദാക്കുമ്പോള്‍ റെയില്‍വേ ഈടാക്കുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാല്‍, ടിക്കറ്റ് തുകയുടെ 25 ശതമാനം റദ്ദാക്കല്‍ ഫീയായി ഈടാക്കും.12 മണിക്കൂറിനും 4 മണിക്കൂറിനും ഇടയില്‍ സ്ഥിരീകരിച്ച ടിക്കറ്റുകള്‍ റദ്ദാക്കുന്നതിന്, ബുക്കിംഗ് തുകയുടെ 50 ശതമാനം ഈടാക്കുന്നു.