തിരുവനന്തപുരം: പൂജപ്പുര പിഡബ്ല്യുഡി അസി. എന്‍ജീയര്‍ ഓഫീസല്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഒരു അസി. എന്‍ജിനീയറും മൂന്ന് ഓവര്‍ സിയര്‍മാരുമുള്ള ഓഫിസില്‍ മന്ത്രിയെത്തിയപ്പോള്‍ കണ്ടത് രണ്ട് ഓവര്‍സിയര്‍മാരെ മാത്രം. മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ബാക്കി രണ്ട് പേരും അവധിയിലെന്ന് വിശദീകരണം ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. എന്നാല്‍, മന്ത്രി പരിശോധിച്ചപ്പോള്‍ അവധിയുടെ രേഖകള്‍ ഇല്ലെന്ന് വ്യക്തമായി. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫിസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്.
നേരത്തെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളിലും ഓഫിസുകളിലും റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. റസ്റ്റ് ഹൗസില്‍നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തതുള്‍പ്പെടെയുള്ളത് വലിയ ചര്‍ച്ചയുമായി. അതേസമയം, മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തുകയും ചെയ്തു.