പത്തനംതിട്ട: വല്ലനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ പ്രതി സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. തുടർന്ന് പെണ്‍കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്.
ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടിയിൽ പല തവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി. പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത ആറന്മനുള പൊലീസ് ഇന്ന് രാവിലെയാണ് പ്രതിയെ കുറിച്ചിമുട്ടത്ത് നിന്ന് പിടികൂടിയത്.
പത്തനംതിട്ട കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള എസ്എച്ച്ഒ സി കെ മനോജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.