CrimeNEWS

അടിയന്തരഘട്ടങ്ങളിലായി അയല്‍വാസിക്ക് പത്തുലക്ഷം കടം നല്‍കി; വിവാഹത്തിനായി തിരിച്ചു ചോദിച്ചപ്പോള്‍ സംസാരിക്കാന്‍ വിളിച്ചുവരുത്തി മകളെ മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍, സഹോദരിയും പ്രതി

പത്തനംതിട്ട: കടം നല്‍കിയ പണം വിവാഹ ആവശ്യത്തിനായി മടക്കിച്ചോദിച്ചതിന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഒപ്പമുണ്ടായിരുന്ന മകളെ മര്‍ദിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കോയിപ്രം നെല്ലിമല െതെപ്പറമ്പില്‍ ജോഷി ജോണ്‍ (26) ആണ് അറസ്റ്റിലായത്. ജോഷിയുടെ സഹോദരിയും കേസില്‍ രണ്ടാം പ്രതിയാണ്. നെല്ലിമല കുന്നത്തുംകര സ്വദേശിനിയെ ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് പ്രതികളുടെ വീട്ടിലാണ് സംഭവം.

പ്രതികളും മര്‍ദനമേറ്റ യുവതിയുടെ കുടുംബവും അയല്‍വാസികളാണ്. ജോഷിയുടെ പിതാവ് ജോണ്‍ പലതവണയായി യുവതിയുടെ അച്ഛനില്‍നിന്നു പത്ത് ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ജോണിന്റെ ഇളയ മകന് അപകടം സംഭവിച്ചപ്പോഴും പിന്നീട് വീടുപണി നടന്ന സമയത്തുമായാണ് പത്തു ലക്ഷം രൂപ കടം നല്‍കിയത്. മകളുടെ കല്യാണത്തിനായി സൂക്ഷിച്ചിരുന്ന തുകയാണ് യുവതിയുടെ അച്ഛന്‍ പ്രതിയുടെ അച്ഛന് കടമായി നല്‍കിയത്. ഇതില്‍ 3,80,000 തിരികെ നല്‍കിയിരുന്നു.

Signature-ad

മകളുടെ വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് പിതാവ് കടം നല്‍കിയ ബാക്കി തുക തിരികെ ചോദിച്ചു. ഈ ഘട്ടത്തില്‍ പണത്തിന്റെ കാര്യം സംസാരിക്കാന്‍ ഭാര്യയും മകളുമായി വീട്ടിലേക്കുവരാനാണ് പ്രതിയുടെ പിതാവ് നിര്‍ദേശിച്ചത്. ഇതനുസരിച്ച് എത്തിയപ്പോള്‍ തുകയുടെ കണക്കുപറഞ്ഞ് ജോഷിയും സഹോദരിയും ചേര്‍ന്ന് മര്‍ദിക്കുകയും പണം നല്‍കാതെ ഇറക്കിവിടുകയുമായിരുന്നു എന്നാണ് പരാതി.

ഒന്നാം പ്രതി ജോഷിയുടെ അടിയേറ്റ് യുവതിയുടെ ചുണ്ട് മുറിഞ്ഞു. ജോഷിയുടെ സഹോദരി മുടിയില്‍ കുത്തിപ്പിടിച്ച് തള്ളി താഴെയിട്ടെന്നും ഈ സമയം ജോഷി യുവതിയുടെ ഇടതുകൈമുട്ടില്‍ ചവിട്ടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് യുവതി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോഷിയെ ഒന്നാം പ്രതിയാക്കിയും സഹോദരിയെ രണ്ടാം പ്രതിയാക്കിയും പോലീസ് കേസെടുക്കുകയായിരുന്നു.

ജോഷിയുടെ പിതാവിന്റെ മൊഴിപ്രകാരം ദേഹോപദ്രവം എല്‍പ്പിച്ചു എന്ന കുറ്റത്തിന് യുവതിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ: അനൂപ്, എസ്.സി.പി.ഒ. മാത്യു എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: