ദില്ലി: ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു, അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ നാൽപത്തിയൊൻപതാം ചീഫ് ജസ്റ്റിസാണ് യു.യു.ലളിത്. 74 ദിവസമാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് അദ്ദേഹത്തിന് തുടരാനാകുക. നവബർ 8ന് അദ്ദേഹം വിരമിക്കും. സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് യു.യു. ലളിത്. സുപ്രീംകോടതി ജഡ്ജിയാകുന്നതിന് മുൻപ് ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി കേസുകളിൽ അഭിഭാഷകൻ ആയി അദ്ദേഹം ഹാജരായിരുന്നു.
ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിത് ആയിരുന്നു. 2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യൂട്ടറും. പിന്നീട് സുപ്രീംകോടതി ജഡ്ജിയായപ്പോൾ മുത്തലാഖ് കേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണായകമായേക്കാവുന്ന ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.
മഹാരാഷ്ട്ര സ്വദേശിയാണ് ഉദയ് ഉമേഷ് ലളിത് എന്ന യു.യു.ലളികത്. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ജസ്റ്റിസ് ലളിത് മുപ്പത്തിയൊമ്പത് വർഷത്തിനിപ്പുറമാണ് രാജ്യത്തെ പരമോന്നത നീതീപീഠത്തിന്റെ തലപ്പെത്തെത്തുന്നത്. 1957 നവംബര്‍ 9-നാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ ജനനം. പിതാവ്, മുൻ ജഡ്ജിയായിരുന്ന യു.ആർ.ലളിതിന്റെ പാത പിന്തുടർന്നാണ് അദ്ദേഹം അഭിഭാഷക വൃത്തിയിലേക്കെത്തുന്നത്. പ്രാക്ടീസ് തുടങ്ങിയ മൂന്നാമത്തെ വർഷം തട്ടകം ദില്ലിക്ക് മാറ്റി. 2004-ല്‍ സുപ്രീംകോടതിയിൽ സീനിയര്‍ അഭിഭാഷകന് ആയി.
ഇതിനിടയില്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി ദീര്‍ഘനാൾ പ്രാക്ടീസും ചെയ്തു. 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. സുപ്രീംകോടതിയിൽ അഭിഭാഷകനായിരിക്കെ അതേ കോടതിയിൽ ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആകുന്ന എന്ന അപൂർവത കൂടി ചീഫ് ജസ്റ്റിസ് യു.യുലളിതിന് സ്വന്തമാണ്. ചീഫ് ജസ്റ്റിസായിരുന്ന എസ്.എം.സിക്രിയാണ് ലളിതിന് മുമ്പ് സമാന രീതിയിൽ ഈ പദവിയിലെത്തിയത്.