IndiaNEWS

ഇന്ത്യയെ തളര്‍ത്താന്‍ ചൈനീസ് സഹായമോ? കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ ചൈനീസ് ആയുധങ്ങള്‍; അപ്രതീക്ഷിതവും ഗൗരവകരവുമെന്ന് സൈന്യം

ദില്ലി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ പക്കല്‍നിന്ന് കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും. ജമ്മു കശ്മീരിലെ ഉറിയില്‍ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ച ഭീകരരുടെ പക്കല്‍നിന്നാണ് ചൈനീസ് നിര്‍മിത തോക്കുകള്‍ കണ്ടെത്തിയത്.

നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈനികര്‍ കൊലപ്പെടുത്തിയത്. എകെ സീരിസില്‍പ്പെട്ട രണ്ട് തോക്കുകള്‍, ചൈനീസ് എം16 തോക്ക്, സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് പാക് ഭീകരരില്‍ നിന്ന് കണ്ടെടുത്തത്. പാക് സൈനികരില്‍നിന്ന് ചൈനീസ് നിര്‍മിത തോക്ക് കണ്ടെത്തിയത് അപ്രതീക്ഷിതവും ഗൗരവകരവുമാണെന്ന് സൈന്യം പ്രതികരിച്ചു.

Signature-ad

 

സാധാരണ ഭീകരര്‍ ഉപയോഗിക്കുന്നത് എകെ സീരിസിലുള്ള ആയുധങ്ങളാണ്. യുഎസ് നിര്‍മിത എം4 റൈഫിളുകളും കണ്ടെത്താറുണ്ട്. എന്നാല്‍ ചൈനീസ് നിര്‍മിത എം16 എന്ന 9 എംഎം കാലിബര്‍ തോക്കാണ് ഭീകരരില്‍ നിന്ന് ലഭിച്ച ആയുധങ്ങളിലുണ്ടായിരുന്നത്. ചൈനീസ് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തുന്നത് ആദ്യമാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

പാക് നിര്‍മിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്‌സും ഉള്‍പ്പെടെയുള്ളവയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് സൈന്യം കണ്ടെടുത്തെന്ന് 19 ഇന്‍ഫന്‍ട്രി ഡിവിഷന്‍, ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് (ജിഒസി) മേജര്‍ ജനറല്‍ അജയ് ചന്ദ്പുരി വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

 

ഭീകരരെ വധിച്ചതിന് പിന്നാലെ, ദില്ലിയില്‍ സുരക്ഷായോഗം ചേര്‍ന്ന് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷാ സേനയോട് നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ചു. തീവ്രവാദം തുടച്ചു നീക്കാന്‍ പൊലീസും സേനയും യോജിച്ചു നീങ്ങണം എന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.

 

Back to top button
error: