പുന്നമടക്കായലിൽ സെപ്റ്റംബർ നാലിനു നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. 23-നാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നയച്ചത്. തെലങ്കാനയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്. അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. ഇതിനെത്തുമ്പോൾ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് അഭ്യർഥിച്ചിരിക്കുന്നത്.
ആഭ്യന്തരമന്ത്രി എത്തിയാൽ നിയന്ത്രണങ്ങൾ കടുക്കും
നെഹ്റുട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്സും ശനിയാഴ്ച അറിയാം. ഉച്ചയ്ക്കുശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ട്രാക്കിന്റെയും ഹീറ്റ്സിന്റെയും നറുക്കെടുപ്പു നടക്കും. ക്ലബ്ബുകളുടെ ക്യാപ്റ്റൻമാർക്കു വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും നിയമാവലികളും യോഗത്തിൽ നൽകും. ചുണ്ടൻ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്.
നെഹ്റുട്രോഫിക്കൊപ്പം സി.ബി.എൽ കൂടി ആരംഭിക്കുന്നതിനാൽ കർശന അച്ചടക്ക നടപടികളായിരിക്കും ഇത്തവണ സ്വീകരിക്കുന്നത്. വള്ളംകളി പൂർത്തിയാക്കുന്നതിനു കൃത്യമായ സമയക്രമം പാലിക്കണം. ഇക്കാര്യത്തിൽ ക്ളബ്ബുകൾ വീഴ്ച വരുത്തിയാൽ നടപടി ഉണ്ടാകും.
മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാൽ പ്രശ്നങ്ങളില്ലാതെ കുറ്റമറ്റരീതിയിൽ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള തീവ്രശ്രമത്തിലാണ് സംഘാടകർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൂടി എത്തിയാൽ നിയന്ത്രണങ്ങൾ പിന്നെയും കടുക്കും.
വള്ളംകളികാണാൻ ആനവണ്ടിയിലെത്താം
ആനവണ്ടിയിലെത്തി നെഹ്റുട്രോഫി വള്ളംകളി കാണാൻ വള്ളംകളി പ്രേമികൾക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം അവസരമൊരുക്കുന്നു. വള്ളംകളിയുടെ ടിക്കറ്റ് സഹിതമാണ് യാത്ര ഒരുക്കുന്നത്. എല്ലാ ജില്ലകളിലുള്ളവർക്കും വേണ്ടി ബസ് ഒരുക്കും. ഫോൺ-9846475874.